
ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി പൂരപ്രേമികൾ. ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിഷയത്തിൽ സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്പ്യാരുടെയും പി. ഗോപിനാഥിന്റെയും ബെഞ്ചിൽ നിന്നും കേസ് മാറ്റണമെന്നും പരാതിയിൽ ആവശ്യമുണ്ട്. പൂരപ്രേമി സംഘത്തിന്റെയും ഉത്സവാഘോഷ കമ്മിറ്റികളുടെയും ഭാരവാഹികൾ ചേർന്നാണ് പരാതി നൽകിയത്.
എന്നാൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി മാർഗനിർദേശങ്ങൾക്ക് വഴങ്ങികൊണ്ടായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണ ചടങ്ങ് നടത്തിയത്. കൃത്യമായ അകലം പാലിച്ച് 10 ആനകൾ മാത്രമാണ് അനുസ്മരണത്തിൽ പങ്കെടുത്തത്. മുൻവർഷങ്ങളിൽ 20ലധികം ആനകൾ പങ്കെടുത്തിരുന്ന പരിപാടിയാണ്, ഹൈക്കോടതി നിർദേശപ്രകാരം ആനകളുടെ എണ്ണം പരിമിതപ്പെടുത്തി നടത്തിയത്.
അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമനപൂജയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് തന്ത്രി കുടുംബം. ഉദയാസ്തമന പൂജ ആചാരമെന്ന് അപ്പീലിൽ കുടുംബം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നുമാണ് തന്ത്രിയുടെ അഭിപ്രായമെന്നായിരുന്നു ദേവസ്വം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. പൂജ മാറ്റുന്നതിൽ ദേവഹിതം നോക്കിയതായും ദേവസ്വം അറിയിച്ചിരുന്നു. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ശ്രീകോവിൽ അധിക സമയം അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിനു വേണ്ടിയാണെന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഇതിനെ ചോദ്യം ചെയ്താണ് അപ്പീൽ.
ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് തന്ത്രി കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.