
സിംഗപ്പൂരിൽ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ കൗമാര താരമായ ഡി. ഗുകേഷും തമ്മിലുള്ള അഞ്ചാമത്തെ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ ഇരുവർക്കും രണ്ടര പോയിൻ്റ് വീതം ലഭിച്ചിട്ടുണ്ട്. നേരത്തെ നാലാമത്തെ ക്ലാസിക്കൽ ഗെയിമും സമനിലയിൽ അവസാനിച്ചിരുന്നു.
കൂട്ടിയും കിഴിച്ചും അളന്നുകുറിച്ചുമുള്ള 40 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇക്കുറി കറുത്ത കരുക്കളുമായാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരാർഥിയായ ഗുകേഷ് ചൈനീസ് താരത്തോട് പോരാടിയത്.
മൂന്നാമത്തെ ഗെയിമിൽ നിലവിലെ ലോക ചാംപ്യനെ തറപറ്റിച്ച് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് പിന്നിൽ നിന്നും ഒപ്പമെത്തിയിരുന്നു. ചൈനയുടെ ഡിങ് ലിറനെ 37 നീക്കങ്ങൾക്കൊടുവിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻഷിപ്പ് മത്സരാർഥിയായ ഗുകേഷ് വീഴ്ത്തിയത്.
2024ൽ ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഡിങ് ലിറൻ്റെ ആദ്യ തോൽവിയായിരുന്നു ഇത്. ക്ലാസിക്കൽ ചെസ്സിൽ ആദ്യമായാണ് ഗുകേഷ് ലിറനെ തോൽപ്പിക്കുന്നത്. ആദ്യ ഗെയിമിൽ ഡിങ്ങിനായിരുന്നു ജയം. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു.
14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരോ അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്.