ഫിഫ 'ദി ബെസ്റ്റ്' പുരസ്കാര പട്ടികയിൽ വീണ്ടും ഇടംപിടിച്ച് മെസ്സി, റൊണാൾഡോ പുറത്ത്

നേരത്തെ ബാലൺ ദ്യോർ പുരസ്കാരത്തിൻ്റെ 30 അംഗ പട്ടികയിൽ പോലും ലയണൽ മെസ്സിക്ക് ഇടം നേടാനായിരുന്നില്ല
ഫിഫ 'ദി ബെസ്റ്റ്' പുരസ്കാര പട്ടികയിൽ വീണ്ടും ഇടംപിടിച്ച് മെസ്സി, റൊണാൾഡോ പുറത്ത്
Published on


2024ലെ ലോകത്തെ മികച്ച ഫുട്ബോളർക്കായി ഫിഫ ഏർപ്പെടുത്തിയ 'ഫിഫ ദി ബെസ്റ്റ്' പുരസ്കാര പട്ടികയുടെ അന്തിമ ലിസ്റ്റിൽ ഇത്തവണയും ഇടംപിടിച്ച് അർജൻ്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി. പുരസ്കാര നിർണയ കാലയളവിൽ അർജൻ്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക ട്രോഫി നേടിയതാണ് 37കാരനായ മെസ്സിക്ക് നേട്ടമായത്. 2023ൽ ഇൻ്റർ മിയാമിക്കൊപ്പം ലീഗ് കിരീടം നേടിയതും അവാർഡിനായി പരിഗണിച്ചിട്ടുണ്ട്.

അതേസമയം, പ്രായം നാൽപ്പതിനോടടുത്ത പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫിഫ പരിഗണിച്ചിട്ടില്ല. യുവേഫ നേഷൻസ് ലീഗ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പോർച്ചുഗലിനായി മികച്ച പ്രകടനം നടത്തിയിട്ടും റൊണാൾഡോ പരിഗണിക്കപ്പെട്ടിട്ടില്ലെന്നത് ആരാധകർക്ക് നിരാശയായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോളുകളാണ് താരം നേടിയത്.

നേരത്തെ ബാലൺ ദ്യോർ പുരസ്കാരത്തിൻ്റെ 30 അംഗ പട്ടികയിൽ പോലും ലയണൽ മെസ്സിക്ക് ഇടം നേടാനായിരുന്നില്ല. ഫിഫ വെബ്സൈറ്റിലൂടെ ആരാധകരുടെ വോട്ടിങ് കൂടി പരിഗണിച്ച് ജനുവരിയിലാകും പുരസ്കാര പ്രഖ്യാപനം. 11 കളിക്കാരുടെ പട്ടികയാണ് നിലവിൽ ഫിഫ പുറത്തുവിട്ടിരിക്കുന്നത്.

നിലവിൽ പുരുഷന്മാരുടെ ഫുട്ബോളിൽ മെസ്സിക്ക് പുറമെ ബാലൺ ദ്യോർ പുരസ്കാര ജേതാവ് റോഡ്രി (സ്പെയിൻ), എർലിങ് ഹാളണ്ട് (നോർവെ), വിനീഷ്യസ് ജൂനിയർ (ബ്രസീൽ), ജൂഡ് ബെല്ലിങ്ഹാം, ഡാനി കാർവഹാൾ (സ്പെയിൻ), ടോണി ക്രൂസ് (ജർമനി), കിലിയൻ എംബാപ്പെ (ഫ്രാൻസ്), ഫെഡറികോ വാൽവെർഡെ (യുറുഗ്വെ), ഫ്ലോറിയൻ വിർട്സ് (ജർമനി), ലാമിനെ യമാൽ (സ്പെയിൻ) എന്നിവരാണ് വോട്ടർ പട്ടികയിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com