നാടകീയം സഭ; നിയമസഭയിൽ പ്രതിപക്ഷ-വാച്ച് ആൻഡ് വാർഡ് കൈയ്യാങ്കളി, ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ എംഎൽഎയെ വാച്ച് ആൻഡ് വാർഡ് വലിച്ചിറക്കിയതിന് പിന്നാലെയാണ് സഭയിൽ സംഘർഷ സാഹചര്യം ഉടലെടുത്തത്
നാടകീയം സഭ; നിയമസഭയിൽ പ്രതിപക്ഷ-വാച്ച് ആൻഡ് വാർഡ് കൈയ്യാങ്കളി, ഇന്നത്തേക്ക് പിരിഞ്ഞു
Published on


കേരള നിയമസഭ ഇന്ന് അസാധാരണ സംഭവ വികാസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഭരണ-പ്രതിപക്ഷ വാക്കേറ്റങ്ങൾക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സ്പീക്കറുടെ ഡയസിലേക്ക് മാത്യു കുഴൽനാടൻ എംഎൽഎ ഓടിക്കയറിയതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ-വാച്ച് ആൻഡ് വാർഡ് കൈയ്യാങ്കളി അരങ്ങേറി.

പ്രതിപക്ഷ എംഎൽഎയെ വാച്ച് ആൻഡ് വാർഡ് വലിച്ചിറക്കിയതിന് പിന്നാലെയാണ് സഭയിൽ സംഘർഷ സാഹചര്യം ഉടലെടുത്തത്. സ്പീക്കർക്ക് സുരക്ഷയൊരുക്കി വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ സ്പീക്കറെ വളഞ്ഞു. ഇതിന് പിന്നാലെ സഭ ഇന്നത്തേക്ക് നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.

സഭാ ചരിത്രത്തിലെ മോശപ്പെട്ട നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് ഭരണപക്ഷ മന്ത്രിമാർ സംയുക്ത വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സഭ നിർത്തിവെപ്പിക്കാൻ പ്രതിപക്ഷം നടത്തിയ നാടകമാണിതെന്ന് മന്ത്രി പി. രാജീവ് വിമർശിച്ചു.



അതേസമയം, സഭയിലുണ്ടായത് വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്റ്റാർ ചോദ്യങ്ങൾ അൺ സ്റ്റാർഡ് ആക്കി മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടേയും സ്പീക്കറുടെയും ഓഫീസുകൾക്ക് ഇതിൽ പങ്കുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ചോദ്യത്തര വേള ബഹിഷ്കരിച്ച ശേഷം സഭയിൽ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി തന്നെ നിലവാരമില്ലാത്തവനെന്ന് വിളിച്ച് വ്യക്തിപരമായി അപമാനിച്ചുവെന്നും, താൻ എല്ലാ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുന്നത് മുഖ്യമന്ത്രിയെ പോലെ അഴിമതിക്കാരൻ ആകരുതേയെന്നാണെന്നും വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.



അതേസമയം, തന്നെയും എൽഡിഎഫിനെയും അപവാദ പ്രചരണങ്ങളിലൂടെ തകർത്തുകളയാമെന്ന് പ്രതിപക്ഷം വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. LDFനെയാകെ അഴിമതിക്കാരായി കാണിക്കാനാണ് പ്രതിപക്ഷ ശ്രമം നടക്കുന്നത്. അതങ്ങ് മനസിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ബഹളങ്ങൾക്ക് പിന്നാലെ സഭ പിരിഞ്ഞതോടെ നിർണായക ചർച്ച ഇന്ന് നടക്കില്ലെന്നുറപ്പായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com