'രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമ': കങ്കണയുടെ പുതിയ തിരിച്ചറിവുകള്‍

ഞാനൊരു അഭിനേത്രിയും സംവിധായികയും നിര്‍മാതാവുമാണ്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് ജനങ്ങളുമായി ഇടപഴകേണ്ടി വരും. ഞാന്‍ അത് തീര്‍ച്ചയായും ചെയ്യും.
'രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമ': കങ്കണയുടെ പുതിയ തിരിച്ചറിവുകള്‍
Published on

രാഷ്ട്രീയമാണോ, സിനിമയാണോ കൂടുതല്‍ എളുപ്പം? ചോദ്യം ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്തിനോടായിരുന്നു. മറുപടിക്ക് കങ്കണയ്ക്ക് അധികനേരം ആലോചിക്കേണ്ടിവന്നില്ല. രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമ ചെയ്യുന്നതാണെന്ന് താരം മറുപടി നല്‍കി. രാഷ്ട്രീയത്തില്‍ ഒരുപാട് പ്രയത്‌നിക്കേണ്ടതുണ്ട്. അത് കഷ്ടതകള്‍ നിറഞ്ഞൊരു ജീവിതമാണെന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. ദി ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കങ്കണ പറഞ്ഞത്:

ഇതാദ്യമായല്ല രാഷ്ട്രീയത്തില്‍ ചേരാന്‍ എനിക്ക് ഓഫര്‍ വരുന്നത്. മുന്‍പും എനിക്ക് നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. ഗാങ്‌സറ്റര്‍ എന്ന ചിത്രത്തിന് ശേഷം എനിക്കു മുന്നില്‍ ഒരു അവസരം വന്നിരുന്നു. എന്റെ മുതു മുത്തച്ഛന്‍ മുന്ന് തവണ എംഎല്‍എ ആയിരുന്നു. അത്തരമൊരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടു തന്നെ തീര്‍ച്ചയായും പ്രാദേശിക നേതാക്കള്‍ അവസരം മുന്നോട്ടു വച്ചിരുന്നു. അത് വളരെ സാധാരണമാണ്. എന്റെ അച്ഛനും ഒരു അവസരം ലഭിച്ചിരുന്നു. ആസിഡ് അറ്റാക്കിന് ശേഷം എന്റെ സഹോദരിക്കും രഷ്ട്രീയത്തില്‍ ചേരാന്‍ അവസരം ലഭിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും അവസരം വരുന്നത് വലിയ കാര്യമല്ല. 2019ലും എനിക്ക് അവസരം വന്നിരുന്നു. എനിക്ക് ഇതില്‍ താത്പര്യം ഇല്ലെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതിനെ ഒരു ബ്രേക്ക് ആയാണ് ഞാന്‍ കാണുന്നത്. ഇത് വളരെ ബുദ്ധിമുട്ട് നിറഞ്ഞൊരിടമാണ്. പക്ഷെ ഞാന്‍ അതെല്ലാം നേരിടാന്‍ തയ്യാറാണ്. ദൈവം ഇത്തരമൊരു അവസരം എനിക്ക് മുന്നിലേക്ക് തന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി അതിന് വേണ്ടി പ്രവര്‍ത്തിക്കും. മാണ്ഡിയിലെ ജനങ്ങളെ അഴിമതി ചെയ്യുന്നവരില്‍ നിന്നും മുക്തരാക്കാൻ ഒരാള്‍ വേണം. അതിന് അവര്‍ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എനിക്ക് അവരെ നിരാശപ്പെടുത്താന്‍ ഉദ്ദേശമില്ല.

ഞാന്‍ പാഷന്‍ ഫോളോ ചെയ്യുന്ന വ്യക്തികൂടിയാണ്. സിനിമാ മേഖലയില്‍ ഞാനൊരു അഭിനേത്രിയും സംവിധായികയും നിര്‍മാതാവുമാണ്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് ജനങ്ങളുമായി ഇടപഴകേണ്ടി വരും. ഞാന്‍ അത് തീര്‍ച്ചയായും ചെയ്യും. പിന്നെ സിനിമയാണ് രാഷ്ട്രീയത്തേക്കാളും എളുപ്പം എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. രാഷ്ട്രീയത്തില്‍ ഒരുപാട് പ്രയത്‌നിക്കേണ്ടതായുണ്ട്. അത് കഷ്ടതകള്‍ നിറഞ്ഞൊരു ജീവിതമാണ്. ഡോക്ടര്‍മാരെ പോലെ. അവിടെ ദുരിതബാധിതരായ ജനങ്ങളാണ് നമ്മെ കാണാന്‍ വരുന്നത്. സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള്‍ വളരെ ശാന്തരായിരിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ അങ്ങനെയല്ല.

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപി സീറ്റിലാണ് കങ്കണ റണാവത്ത് മത്സരിച്ച് ജയിച്ചത്. കങ്കണയുടെ എമര്‍ജെന്‍സി എന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com