ചെക്ക് ബൗണ്‍സ് കേസില്‍ കുറ്റക്കാരന്‍; സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ

പരാതിപ്പെട്ടയാള്‍ക്ക് 3.72 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു.
ചെക്ക് ബൗണ്‍സ് കേസില്‍ കുറ്റക്കാരന്‍; സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ
Published on

സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. ചെക്ക് ബൗണ്‍സ് കേസിലാണ് അന്ധേരി മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷമായി കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസില്‍ വിധി പറഞ്ഞത്.

ജാമ്യമില്ലാ വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം വകുപ്പ് പ്രകാരമാണ് സംവിധായകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ എത്തിയിരുന്നില്ല. എന്നാല്‍ തന്റെ പേരിലുള്ള കേസ് കെട്ടച്ചമച്ചതാണെന്നാണ് വര്‍മയുടെ പ്രതികരണം.

'മുന്‍ ജോലിക്കാരനുമായി ബന്ധപ്പെട്ട രണ്ട് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയുടെ കേസാണ് അന്ധേരി കോടതിയില്‍ ഏഴ് വര്‍ഷമായി നടന്നുകൊണ്ടിരുന്നത്. പണം നല്‍കുന്നതല്ല, കെട്ടിച്ചമച്ചുകൊണ്ട് ഉണ്ടാക്കിയ കേസില്‍ ചൂഷണം ചെയ്യപ്പെടാന്‍ നിന്നുകൊടുക്കാതിരിക്കുക കൂടിയാണ് ഞാന്‍ ചെയ്തത്. അത്ര മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ,' വിധിക്ക് പിന്നാലെ രാം ഗോപാല്‍ വര്‍മ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പരാതിപ്പെട്ടയാള്‍ക്ക് 3.72 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. പണം അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം കൂടി ജയിലില്‍ കിടക്കാനും കോടതി വിധിച്ചു. 2018ലാണ് രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ശ്രീ എന്ന കമ്പനിയുടെ പ്രതിനിധി മഹേഷ്ചന്ദ്ര മിശ്ര കേസ് നല്‍കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com