ഹൈക്കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട് സീൽ വെച്ച കവറിൽ കൈമാറണം; ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് സീൽ വെച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഒഴിവാക്കപ്പെട്ട പേജുകൾ കാരണമാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാവരും മോശക്കാരെന്ന് തെറ്റിധാരണ ഉണ്ടായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സിനിമ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
ഹേമ കമ്മിറ്റി പറഞ്ഞതിൽ ഇതുവരെയും പരിഹരിക്കാൻ കഴിയാത്തത് ജൂനിയർ ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ്. സിനിമ സെറ്റുകളിൽ നിലവിൽ ഐസിസി രൂപീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിൽ നിക്ഷിപ്തമാണെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ അറിയിച്ചു.
ALSO READ: പ്രമുഖർ ആരാണെന്ന് അറിയില്ല; റിപ്പോർട്ട് പൂർണമായും പുറത്തു വിടണം: ജയൻ ചേർത്തല
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നതായി താരസംഘടനയായ AMMA അറിയിച്ചു. നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും, റിപ്പോർട്ട് AMMA സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തുന്നില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദീഖ് വ്യകതമാക്കി. റിപ്പോർട്ടിൽ പരാമർശിക്കുന്ന പരാതികൾ ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കണം. കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് നിലപാടെന്നും സിദ്ദീഖ് കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിപ്പോർട്ട് വൈകിയതിന് പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു. സിനിമയിലെ പവർ ഗ്രൂപ്പ് എന്ന പരാമർശം കേട്ടു. അങ്ങനെയുള്ളതായി അറിയില്ല. 'സിനിമാ മേഖലയിലാകെ പ്രശ്നം' എന്ന പരാമർശത്തിൽ അതൃപ്തിയുണ്ട്. സംഘടയുടെ ഷോ ഉള്ളതു കൊണ്ടാണ് റിപ്പോർട്ടിന്മേലുള്ള പ്രതികരണം വൈകിയതെന്നും സിദ്ദീഖ്.

