
രോഗികളെ വലച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരണം. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചിത്രീകരണം നടന്നത്. രാത്രി 9 മണിയോടെ ആരംഭിച്ച ചിത്രീകരണം പുലര്‍ച്ചെ വരെ നീണ്ടു നിന്നു. ചിത്രീകരണത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗികള്‍ ബുദ്ധിമുട്ടിലായി.
സിനിമ ഷൂട്ടിംഗിന് ആരോഗ്യ വകുപ്പ് ഡയറക്ടർ അനുമതി നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വൈകീട്ട് 6 മണി മുതൽ രാവിലെ 5 മണി വരെയാണ് അനുമതി നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഷൂട്ടിംഗിന് നിർദേശങ്ങൾ നൽകിയതായും, രണ്ട് ദിവസത്തെ അനുമതിയാണ് നൽകിയതെന്നും ഷൂട്ടിംഗ് ഇന്നും തുടരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ അറിയിച്ചു.
ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ നടന്നത്. അത്യാഹിത വിഭാഗത്തിന്റെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ ചത്രീകരണ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു.
അത്യാഹിത വിഭാഗത്തിലെ രോഗികളെ ഡോക്ടര്‍ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നു. പരിമിതമായ സ്ഥലത്ത് അണിയറ പ്രവര്‍ത്തകരും ക്യാമറയടക്കമുള്ള ഉപകരണങ്ങളും നിറഞ്ഞതോടെ രോഗികള്‍ വലഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളുടെ സഞ്ചാരം നിയന്ത്രിച്ചും ചിത്രീകരണം നടന്നു. ഷൂട്ടിംഗ് വാഹനങ്ങളും ഉപകരണങ്ങളും കൊണ്ട് ആശുപത്രി മുറ്റവും നിറഞ്ഞിരുന്നു. ചിത്രീകരണ വേളയില്‍ രോഗികളോടും ആശുപത്രി ജീവനക്കാരോടും നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ ശബ്ദമുയര്‍ത്തിയുള്ള നിര്‍ദേശവുമുണ്ടായിരുന്നു.
ആശുപത്രി മോര്‍ച്ചറിയുടെ മുന്‍ വശം മാത്രമാണ് ഒഴിഞ്ഞ് നിന്നിരുന്നത്. ആദ്യം കരുതിയത് എന്തോ അത്യാഹിതം നടന്നതാണെന്നാണ് പിന്നീടാണ് സിനിമാ ഷൂട്ടിംഗ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും രോഗിയുമായി എത്തിയ ഡ്രൈവര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള താലൂക്ക് ആശുപത്രിയാണിത്. മറ്റ് സ്വകാര്യ ആശുപത്രിയില്‍ പതിനായിരവും ലക്ഷങ്ങളും കെട്ടി വെയ്‌ക്കേണ്ടി വരുമ്പോള്‍ സാധാരണക്കാര്‍ ആദ്യമെത്തുന്നത് അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്.
കാഷ്വാലിറ്റി മറച്ചു വെച്ചുകൊണ്ട് പ്രധാന കവാടത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിര്‍ത്തിയാണ് ഷൂട്ടിംഗ് നടത്തിയതെന്നും ആശുപത്രിയിലെത്തിയ ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജനും സജിന്‍ ഗോപുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.