സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണം; ശിക്ഷാ നടപടിയില്ലെന്ന് മന്ത്രി എം.ബി രാജേഷ്

ഞായറാഴ്ച ഡ്യൂട്ടിക്കിടെ റീൽസ് ചിത്രീകരിച്ചതിന് തിരുവല്ല നഗരസഭയിലെ 8 റവന്യൂ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണം; ശിക്ഷാ നടപടിയില്ലെന്ന് മന്ത്രി എം.ബി രാജേഷ്
Published on

റീൽസ് ചിത്രീകരിച്ച് പൊല്ലാപ്പിലായ തിരുവല്ല നഗരസഭയിലെ റവന്യു ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി മന്ത്രി എം.ബി രാജേഷ്. ഞായറാഴ്ച ഡ്യൂട്ടിക്കിടയിൽ റീൽസ് ചിത്രീകരിച്ചതിന് നഗരസഭ സെക്രട്ടറി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 

ഞായറാഴ്ച ഡ്യൂട്ടിക്കിടെ റീൽസ് ചിത്രീകരിച്ചതിന് തിരുവല്ല നഗരസഭയിലെ 8 റവന്യൂ ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. പെൻഡിങ് ജോലികൾ തീർക്കാൻ എത്തിയ ജീവനക്കാരാണ് സാമൂഹ മാധ്യമത്തിൽ റീൽസ് പോസ്റ്റ് ചെയ്ത് പ്രശ്‌നത്തിലായത്. ഡ്യൂട്ടി സമയത്ത് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടതിനായിരുന്നു ഇവരോട് വിശദീകരണം ആവശ്യപ്പെട്ടത് . മൂന്നുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു . എന്നാൽ, അവധി ദിനമായ ഞായറാഴ്ച ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചതെന്നും , അത്കൊണ്ട് തിരുവല്ല നഗരസഭയിലെ  ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്നും മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 

റവന്യൂ ഉദ്യോഗസ്ഥർ പങ്കുവച്ച റീൽസിന് ഒട്ടേറെ ആശംസകൾ കമൻറുകളായി എത്തിയിരുന്നു . സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഇതാദ്യമല്ല. നേരത്തേ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭക്ഷണം പാകം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചതിന് വിശദീകരണം തേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com