
കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം രാജിവെച്ചു. മുന്നണി ധാരണ പ്രകാരം സിപിഐയ്ക്ക് മേയർ സ്ഥാനം കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് രാജിവെച്ചത്. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു.
സിപിഎം ഭരിക്കുന്ന കൊല്ലം കോർപ്പറേഷനിൽ മേയർ പ്രസന്നാ ഏണസ്റ്റ് രാജിവയ്ക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ഡെപ്യൂട്ടി മേയറും രണ്ട് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. രാജി നൽകേണ്ട അവസാന ദിവസമായ ഫെബ്രുവരി അഞ്ചിന് രാജിവെക്കാൻ പ്രസന്ന ഏണസ്റ്റ് തയ്യാറാകാതെ വന്നതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്.
തദ്ധേശ തിരഞ്ഞെടുപ്പിൽ 55-ൽ 39 സീറ്റുകളും നേടിയാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. സിപിഎം 29, സിപിഐ 10 എന്നിങ്ങനെയായിരുന്നു സീറ്റ് നില. മുന്നണി ധാരണ പ്രകാരം അവസാന ഒരു വർഷം സിപിഐയ്ക്ക് മേയർ സ്ഥാനം നൽകേണ്ടതുണ്ട്. എന്നാൽ രാജിക്ക് തയ്യാറാകാത്ത സിപിഎം നിലപാടിനെതിരെയാണ് പരസ്യ പ്രതിഷേധവുമായി സിപിഐ രംഗത്ത് എത്തിയത്. പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണ് രാജി വെച്ചതെന്ന് പി.കെ. മധു, പാർലമെന്ററി പാർട്ടി നേതാവ് ഹണി എന്നിവർ പറഞ്ഞിരുന്നു. എന്നാൽ, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ മേയർ മാറ്റം ഉടൻ വേണ്ടന്ന നിലപാടായിരുന്നു സിപിഎമ്മിൽ ചിലർക്ക് ഉണ്ടായിരുന്നത്.
പ്രസന്നാ ഏണസ്റ്റിൻ്റെ രാജിക്ക് പിന്നാലെ സിപിഐയുടെ വടക്കും ഭാഗം കൗൺസിലർ ഹണിയുടെ പേരാണ് മേയർ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നത്. നേരത്തേയും ഹണി കോർപ്പറേഷൻ മേയർ സ്ഥാനം വഹിച്ചിട്ടുണ്ട്.