കിഫ്ബിയിൽ പ്രക്ഷുബ്ധമായി നിയമസഭ;പദ്ധതികളിലൂടെ വരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രി, ജനങ്ങളുടെ ബാധ്യതയായി മാറിയെന്ന് പ്രതിപക്ഷം

കിഫ്‌ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.മൂന്നുതരം നികുതി നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. കിഫ്ബി ഇല്ലെങ്കിലും ഈ പദ്ധതികളെല്ലാം നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ  പ്രക്ഷുബ്ധമായി നിയമസഭ;പദ്ധതികളിലൂടെ വരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രി, ജനങ്ങളുടെ ബാധ്യതയായി മാറിയെന്ന് പ്രതിപക്ഷം
Published on

കിഫ്ബി പദ്ധതികളെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ വാദപ്രതിവാദങ്ങളുമായി ധനമന്ത്രിയും പ്രതിപക്ഷ നേതാവും സഭയിൽ പ്രതികരിച്ചു. കിഫ്ബി വഴിയുള്ള പദ്ധതികളിലൂടെ വരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ.എന്നാൽ ടോൾ പിരിവ് ഈടാക്കുമോയെന്നതിൽ ധനമന്ത്രി വ്യക്തത വരുത്തിയില്ല. കിഫ്ബി LDF സർക്കാരിൻ്റെ മോശം സാമ്പത്തിക മോഡലാണെന്ന വിമർശനം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തി.

കിഫ്ബി റോഡുകളിൽ ടോളുണ്ടാകുമോയെന്നതിൽ വ്യക്തത വരുത്തിയില്ലെങ്കിലും പുതിയ പദ്ധതികളിൽ വരുമാനം ലക്ഷ്യമാണെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ കിഫ്ബി വഴിയുള്ള പദ്ധതികൾ താളം തെറ്റുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. കിഫ്ബിയെടുത്ത പണം ജനങ്ങളുടെ ബാധ്യതയായി മാറിയെന്നും വിമർശനം ഉയർന്നു.

കിഫ്‌ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.മൂന്നുതരം നികുതി നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. കിഫ്ബി ഇല്ലെങ്കിലും ഈ പദ്ധതികളെല്ലാം നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ സാധ്യമാകുമോ എന്നായിരുന്നു ധനമന്ത്രിയുടെ മറുചോദ്യം. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

കിഫ്ബി വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ പിരിവ് നടത്താനുള്ള നീക്കം നേരത്തേ തന്നെ വിവാദമായിരുന്നു. അമ്പത് കോടിക്ക് മുകളിൽ മുതൽമുടക്കി നിർമിച്ച പദ്ധതികളിലാണ് ടോൾ പിരിവിന് നീക്കം തുടങ്ങിയത്. വിഷയം ചർച്ചയായതോടെ സർക്കാരിനെതിരെ സമരത്തിലേക്ക് നീങ്ങാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

അതിനിടെ ബജറ്റിൽ കിഫ്ബി വഴി വൻ കിട പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കിഫ്ബി വഴി വിഴിഞ്ഞം- പുനലൂർ- കൊല്ലം വികസന ത്രികോണ പദ്ധതിയാണ് ബജറ്റിലെ വൻകിട പ്രഖ്യാപനം. കൊച്ചി കോയമ്പത്തൂർ ഇടനാഴിക്ക് 200 കോടിയും നീക്കിവച്ചു. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പാക്കും. നവകേരള പദ്ധതികൾക്കായി 500 കോടി രൂപയും ഈ വർഷം ചെലവഴിക്കും.

ഔട്ടർ റിങ് റോഡ്, തീരദേശ ഹൈവേ എന്നിവയുമായി ബന്ധപ്പെട്ട വികസന ഇടനാഴികളും കിഫ്ബി വഴി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം നേടാൻ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ഭാഗമായി കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിച്ചായിരിക്കും പദ്ധതി. 2025-26ൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും ബജറ്റിൽ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com