ക്ഷേമ പെന്‍ഷന്‍ വര്‍ധനവിനും, വയനാട് പുനരധിവാസത്തിനും ഊന്നല്‍ നല്‍കിയേക്കും; സംസ്ഥാന ബജറ്റ് നാളെ

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നെല്ല്, റബ്ബർ തുടങ്ങിയവയ്ക്കും ബജറ്റിൽ പ്രധാന്യമുണ്ടാകുമെന്നാണ് സൂചന.നാളെ രാവിലെ 9 മണിക്കാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക.
ക്ഷേമ പെന്‍ഷന്‍ വര്‍ധനവിനും, വയനാട് പുനരധിവാസത്തിനും ഊന്നല്‍ നല്‍കിയേക്കും; സംസ്ഥാന ബജറ്റ് നാളെ
Published on

സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം. വരുമാന വർധനവ് ലക്ഷ്യമിട്ട് സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും.


തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിനാല്‍ ബജറ്റിൽ കടുത്ത നടപടികളിലേക്ക് ധനമന്ത്രി കടക്കാൻ സാധ്യതയില്ല. കേന്ദ്ര ബജറ്റിൽ കേരളത്തെ പരിഗണിക്കാത്തതിനാൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് സംസ്ഥാന ബജറ്റിൽ ഊന്നൽ ഉണ്ടാകും. കഴിഞ്ഞ നാല് ബജറ്റുകളിലും ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാത്ത കെ എന്‍ ബാലഗോപാല്‍ ഇത്തവണ അതിന് പരിഹാരം കണ്ടേക്കും.

പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണമായും പാലിക്കില്ലെങ്കിലും 100 മുതല്‍ 200 വരെയുള്ള വര്‍ധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി, ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും വർധിപ്പിക്കും.


പുതുതലമുറ വ്യവസായങ്ങള്‍ക്കായുള്ള പ്രഖ്യാപനങ്ങളും ഇടം പിടിക്കുമെന്നാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടിയേക്കും. വിഴിഞ്ഞത്തിനും വയനാടിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെയും പരിഗണിക്കും.സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നെല്ല്, റബ്ബർ തുടങ്ങിയവയ്ക്കും ബജറ്റിൽ പ്രധാന്യമുണ്ടാകുമെന്നാണ് സൂചന.നാളെ രാവിലെ 9 മണിക്കാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com