
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം വയനാട് ദുരിതാശ്വാസം വൈകിപ്പിക്കുന്നുവെന്ന് കെ. എൻ. ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു. പിഡിഎൻഎ റിപ്പോർട്ട് വൈകുന്നത് സാങ്കേതികം മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി പ്രധാനമന്ത്രി നേരിട്ട് കണ്ടതാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു.
അതേസമയം വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രചാരണം ചൂട് പിടിക്കുന്നു. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും പ്രചാരണ തിരക്കിലേക്ക് കടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് ലക്കിടിയിൽ അദ്ദേഹത്തിന് സ്വീകരണം നൽകാനാണ് തീരുമാനം. 23ന് വയനാട്ടിലെത്തുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി അന്നാകും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മണ്ഡലത്തിലെത്തിയേക്കും.
നവംബർ 11 വരെ 7 മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് ഷോയിലും മറ്റു പ്രചാരണ പ്രവർത്തനങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ബിജെപിയും ഇന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപി കൂടി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിലെ പ്രചാരണം ശക്തമാകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശിനാണ് വയനാട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ പ്രധാന ചുമതല.