മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; കേസെടുത്ത് പൊലീസ്

കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ആശ്രയ ഫാർമസിയിലെത്തിയ ആളാണ് പണം തട്ടാൻ ശ്രമിച്ചത്
Published on

കൊല്ലത്ത് ദുരിതാശ്വാസനിധിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമം നടത്തി അജ്ഞാതൻ. കുണ്ടറയിൽ പ്രവർത്തിക്കുന്ന ആശ്രയ ഫാർമസിയിലെത്തിയ ആളാണ് പണം തട്ടാൻ ശ്രമിച്ചത്. ഫാർമസിയിലെ ജീവനക്കാരിക്ക് സംശയം തോന്നിയതിന് പിന്നാലെ തട്ടിപ്പുകാരൻ കടന്നു കളഞ്ഞു.

കുണ്ടറയിലെ ആശ്രയ ഫാർമസിയിലെത്തിയ തട്ടിപ്പുകാരൻ വയനാട് ദുരന്തത്തെക്കുറിച്ചും ദുരിതാശ്വാസനിധിയെക്കുറിച്ചും ഏറെനേരം ജീവനക്കാരോട് സംസാരിച്ചു. ഇതിനുശേഷം ഫാർമസി ഉടമയെ ഫോൺ ചെയ്യുന്നു എന്ന വ്യാജേനെ ഫോണിൽ സംസാരിച്ചു. മറ്റൊരു വ്യക്തി 16000 രൂപ ഫാർമസിയിൽ കൊണ്ടുവരുമെന്നും അത് വാങ്ങി വെക്കണമെന്ന് ഉടമ പറഞ്ഞതായും ജീവനക്കാരോട് പറഞ്ഞു. തുടർന്ന് ഫാർമസിയിൽ ഉള്ള പണത്തിൽ നിന്നും 7500 രൂപ തനിക്ക് തരാൻ പറഞ്ഞതായും ഉടമ ആവശ്യപ്പെട്ടതായും ജീവനക്കാരോട് പറഞ്ഞു. ഇത് വിശ്വസിച്ച ജീവനക്കാരി ആദ്യം പണം നൽകാൻ ഒരുങ്ങിയെങ്കിലും സംശയം തോന്നി ഉടമയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും തട്ടിപ്പുകാരൻ കടന്നു കളയുകയായിരുന്നു.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവുമായി നിരവധി സംഘടനകളാണ് തങ്ങളെ സമീപിക്കുന്നതെന്നും ഇതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തണമെന്നും ഫാർമസി ഉടമ ആവശ്യപ്പെട്ടു. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com