സാമ്പത്തിക തട്ടിപ്പ്: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതു അറസ്റ്റിൽ

ഡ്രൈവർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ വ്യാജമായി തയ്യാറാക്കി, സെക്ഷൻ ഓഫീസർ എന്ന് വ്യാജ ഒപ്പും സീലും തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്
സാമ്പത്തിക തട്ടിപ്പ്: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതു അറസ്റ്റിൽ
Published on
Updated on

ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്.പി. സുദർശൻ. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡ്രൈവർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ വ്യാജമായി തയ്യാറാക്കി, സെക്ഷൻ ഓഫീസർ എന്ന് വ്യാജ ഒപ്പും സീലും തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.

മൂന്ന് പരാതികളാണ് നിലവിൽ ശ്രീതുവിനെതിരെ ലഭിച്ചിട്ടുള്ളത്. പത്തോളം പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും, ശ്രീതുവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. BNS 316 (2), 318 (4), 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രീതുവിനെതിരെ കേസെടുത്തത്. ഇവർ ഇന്നലെ രാത്രി മുതൽ പൊലീസ് കസ്റ്റഡിയിലാണ്.

ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥ എന്ന് പറഞ്ഞ് പണം തട്ടിയതായി മൂന്ന് പേരിൽ നിന്ന് പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി എന്നാണ് കേസ്. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. വ്യാജ ഉത്തരവ് കാട്ടിയാണ് പണം തട്ടിയെടുത്തത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്ന് കാട്ടി ബാലരാമപുരം അന്തിയൂർ സ്വാദേശിയാണ് ശ്രീതുവിനെതിരെ ആദ്യം പരാതി നൽകിയത്. വഞ്ചനാക്കുറ്റവും വ്യാജരേഖ ചമക്കലും അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് വിവരം. ശ്രീതുവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ആളുകളിലേക്കും അന്വേഷണം നീണ്ടേക്കും.

രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയാൽ ഇക്കാര്യത്തിൽ വ്യക്തത വരും. അതേസമയം പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നാളെ അപേക്ഷ നൽകും. ഹരികുമാർ മാനസിക പ്രശ്നങ്ങൾ കാണിക്കുന്നതിനാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സാന്നിദ്ധ്യത്തിലാകും ചോദ്യം ചെയ്യൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com