ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി മരണം; ഉത്തരവാദികൾ 5 പൊലീസ് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തൽ

ഹൈക്കോടതിയിൽ സമർപ്പിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലേതാണ് കണ്ടെത്തൽ
ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി മരണം; ഉത്തരവാദികൾ 5 പൊലീസ് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തൽ
Published on

മഹാരാഷ്ട്രയിലെ ബദ്‌ലാപുർ ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി മരണത്തിന് ഉത്തരവാദികൾ 5 പൊലീസ് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലേതാണ് കണ്ടെത്തൽ. പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് മഹാരാഷ്ട്രാ സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.


ബദ്‌ലാപുർ കേസിലെ മജിസ്ട്രേറ്റ് തല ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടാണ് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചത്. റിപ്പോർട്ടിൽ 5 പൊലീസ് ഉദ്യോഗസ്ഥർ ഷിൻഡെക്കൊപ്പം വാനിൽ ഉണ്ടായിരുന്നതായും കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കാതെ സാഹചര്യം നിയന്ത്രിക്കാമായിരുന്നിട്ടും വെടിവെപ്പിലേക്ക് കാര്യങ്ങളെത്തിച്ചെന്നും പറയുന്നുണ്ട്.



പൊലീസ് നടപടി നിതീകരിക്കാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് റിവോൾവർ ഉപയോഗിച്ച് പ്രതി വെടിയുതിർക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. പ്രതിയുടെ വിരലടയാളം പിസ്റ്റളിൽ ഇല്ലായിരുന്നു എന്ന സുപ്രധാന കണ്ടെത്തലും പൊലീസിനെതിരായ തെളിവായി റിപ്പോർട്ടിലുണ്ട്.

2024 ഓഗസ്റ്റിലാണ് 24 കാരനായ അക്ഷയ് ഷിൻഡയെ ബലാത്സംഗ കേസിൽ പൊലീസ് അറസ്റ്റുചെയ്തത്. ബദ്‌ലാപുർ സ്കൂളിലെ ടോയിലറ്റിൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു കേസ്. തുടർന്ന് സെപ്തംബർ 24 ന്, ചോദ്യം ചെയ്യലിനായി ട്രാൻസിറ്റ് റിമാൻഡിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വെടിവെപ്പിൽ ഷിൻഡെ കൊല്ലപ്പെടുകയായിരുന്നു. പ്രതിയെ വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയെന്നായിരുന്നു പൊലീസ് അവകാശപ്പെട്ടത്. ഈ വാദത്തെയും അന്വേഷണ റിപ്പോർട്ട് തള്ളുന്നു.


കേസിൽ പൊലീസിനെതിരെ പരാതിയുമായി അക്ഷയ് ഷിൻഡെയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. നിരായുധനായിരുന്ന മകന് ആക്രമണം നടത്താൻ കഴിയില്ലെന്നായിരുന്നു പ്രതിയുടെ അമ്മ പറഞ്ഞത്. പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബത്തിൻ്റെ വാക്കുകളെ സാധൂകരിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലേത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com