
പെരിയാറിലേക്ക് കൂടുതൽ കമ്പനികൾ മലിനജലം ഒഴുക്കുന്നതായി കണ്ടെത്തി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെരിയാർ ബണ്ടിന് മുകളിലുള്ള അഞ്ച് കമ്പനികളിലാണ് സമിതി പരിശോധന നടത്തിയത്. ടി.എം.എസ് ലെതേഴ്സ്, സൺറൈസ്, ഓർഗാനോ ഫെർട്ടിലൈസേഴ്സ്, മലയ റബ്ബർ, ആൽഫ റബ്ബർ എന്നീ കമ്പനികളിൽ നടത്തിയ പരിശോധനയിൽ പെരിയാറിലേക്കും സമീപത്തെ തോടുകളിലേക്കും മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയത്.
ഇ.ടി.പി സംവിധാനം കാര്യക്ഷമമല്ലെന്നും സമിതി കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്. ഈ കമ്പനികളിൽ നിന്നെല്ലാം തന്നെ അനധികൃതമായി മലിനജലം ഒഴുക്കുന്നതായാണ് സമിതി വിലയിരുത്തിയത്. ഇതിൽ ഓർഗാനോ ഫെർട്ടിലൈസർ കമ്പനി പെരിയാറിലേക്ക് മാലിന്യമൊഴുക്കിയതിൻ്റെ പേരിൽ ഈ മാസം 4ന് അടച്ചുപൂട്ടാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് (പിസിബി) ഉത്തരവിട്ടിരുന്നു. പിസിബിയുടെ അനുമതി ഇല്ലാതെയായിരുന്നു കമ്പനിയുടെ പ്രവർത്തനം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.