'വൈകാരികത മുതലെടുത്ത് അപകീര്‍ത്തിപ്പെടുത്തി'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ എഫ്‌ഐആര്‍

കോഴിക്കോട് ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്
'വൈകാരികത മുതലെടുത്ത് അപകീര്‍ത്തിപ്പെടുത്തി'; അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ എഫ്‌ഐആര്‍
Published on


സൈബർ അതിക്രമത്തിനെതിരെയുള്ള അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമയുടെ സഹോദരൻ മനാഫിനെതിരെ എഫ്ഐആർ. ഷിരൂരിലെ തെരച്ചിൽ സമയത്ത് കുടുംബത്തിൻ്റെ വൈകാരികത മുതലെടുത്ത് അപകീർത്തിപ്പെടുത്തിയെന്നതാണ് മനാഫിനെതിരെയുള്ള മുഖ്യ ആരോപണം. സമൂഹത്തിൽ മതസ്പർധ വളർത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കോഴിക്കോട് ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്.

അർജുൻ്റെ സഹോദരി അഞ്ജുവാണ് മനാഫിനെതിരെ പൊലീസിൽ പരാതി നൽകിയത്. അർജുൻ്റെ ചിത്രം ഉപയോഗിച്ച് ലോറി ഉടമ മനാഫ് എന്ന പേരിൽ ഇയാൾ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇത് വഴി അപകീർത്തിപ്പെടുത്തിയെന്നാണ് കുടുംബത്തിൻ്റെ പരാതി. കുടുംബം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രസ്താവനകളെ വെച്ച് സൈബർ അറ്റാക്ക് നടത്താനും, സമൂഹത്തിൽ മതസ്പർധ വളർത്താനും മനാഫ് കാരണക്കാരനായെന്നും പരാതിയിൽ പറയുന്നു.


അതേസമയം സൈബർ ആക്രമണത്തിൽ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജ് എസിപിക്കാണ് അന്വേഷണ ചുമതല. അർജുൻ്റെ സഹോദരിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് നിർദേശം.

വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നുവെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അർജുൻ്റെ കുടുംബം ഉന്നയിച്ചിരുന്നു. ലോറി ഉടമ മനാഫിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. മനാഫ് അർജുന്‍റെ പേരിൽ പണം പിരിക്കുന്നുവെന്നായിരുന്നു അർജുൻ്റെ കുടുംബത്തിന്‍റെ ആരോപണം.


പിന്നാലെ അർജുൻ്റെ കുടുംബത്തെ വെച്ച് മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ് വാർത്താസമ്മേളനത്തില്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com