'ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചു, ലഹരിയിടപാടുകാരുമായി ബന്ധം'; നടനെതിരായ എഫ്ഐആർ വിവരങ്ങള്‍

ഇക്കഴിഞ്ഞ 17-ാം തീയതി, ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയതു മുതൽ ഷൈൻ ടോം ചാക്കോ നടത്തിയ നാടകീയത ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിലുമുണ്ടായി
'ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചു, ലഹരിയിടപാടുകാരുമായി ബന്ധം'; നടനെതിരായ എഫ്ഐആർ വിവരങ്ങള്‍
Published on

നടൻ ഷൈൻ ടോം ചാക്കോ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസിൻ്റെ എഫ്ഐആർ. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച, ഷൈനിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഈ മാസം 21, 22 തീയതികളിൽ ഷൈൻ വീണ്ടും ഹാജരാകണമെന്നും പൊലീസ് അറിയിച്ചു. ലഹരി ഉപയോഗത്തിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമാണ് ഷൈനിനെതിരെ കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്.


ഇക്കഴിഞ്ഞ 17-ാം തീയതി, ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയതു മുതൽ ഷൈൻ ടോം ചാക്കോ നടത്തിയ നാടകീയത ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിലുമുണ്ടായി. ആവശ്യപ്പെട്ടതിലും അര മണിക്കൂർ മുമ്പേ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ലഹരി ഉപയോഗത്തിനും ലഹരി ഇടപാടിനുള്ള ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകൾ പൊലീസ് ചുമത്തി.

ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് സമ്മതിച്ചതോടെയാണ് കേസെടുക്കുന്നതിലേക്കും അറസ്റ്റ് നടപടികളിലേക്കും പൊലീസ് കടന്നത്. ഇടപാടുകാരുമായുള്ള ഷൈനിൻ്റെ ബന്ധം ഉറപ്പിക്കുന്ന ഫോൺ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സെൻട്രൽ എസിപി സി. ജയകുമാർ, നർകോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻഡിപിഎസ് ആക്ട് 27 (ബി), 29, ബിഎൻസ് 238 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ചോദ്യം ചെയ്യലിനായി നോർത്ത് പൊലീസ് തയാറാക്കിയത്.

അളവിൽ കവിഞ്ഞ മെത്തഫെറ്റമിൻ ഉപയോഗിച്ചിരുന്നതായി ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീനയുമായും ലഹരി ഇടപാടുകാരൻ സജീറുമായും ബന്ധമുണ്ടെന്നും സമ്മതിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് രാത്രിയിൽ ഇറങ്ങിയോടിയത് പൊലീസിനെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചെന്ന് ആദ്യം പറഞ്ഞ ഷൈൻ പിന്നീട് പല കാര്യങ്ങളും തുറന്ന് സമ്മതിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഹോട്ടലിൽ മുറിയെടുത്തത് കൂട്ടുകാരനും ഒത്ത് മയക്കുമരുന്ന് ഉപയോഗിക്കാനായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ എത്തിയത്. നടൻ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഷൈൻ ഉൾപ്പെട്ട ലഹരി കേസിൽ രണ്ട് പ്രതികളാണുള്ളത്. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷാദിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ആ ദിവസം ലഹരി കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മറുപടി. നടി വിൻസി അലോഷ്യസിൻ്റെ പരാതി വ്യാജമെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിൽ എത്തിച്ച് നടന്റെ രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

പരിശോധനയ്ക്ക് ശേഷം ഷൈനിന്റെ മാതാപിതാക്കളെയും സഹോദരനെയും പൊലീസ് വിളിച്ച് വരുത്തി. ഷൈൻ ലഹരി ഉപയോഗിച്ചോയെന്ന കാര്യം അറിയില്ലെന്ന് സഹോദരൻ ജോ ജോണ്‍ ചാക്കോ പറഞ്ഞു. സാമ്പത്തിക പ്രശ്നം കാരണം കേബിള്‍ കട്ടാക്കിയിരുന്നു. അതിനാൽ വാര്‍ത്തയൊന്നും അങ്ങനെ കാണാറില്ല. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന കാര്യം തനിക്കറിയില്ല. വാര്‍ത്തകളൊന്നും കണ്ടിട്ടില്ല. ചേട്ടനെ കൊണ്ടുപോകാൻ വന്നതാണെന്നുമായിരുന്നു ജോ ജോണ്‍ ചാക്കോയുടെ പ്രതികരണം. തുടർന്ന് മാതാപിതാക്കളുടെ ജാമ്യത്തിൽ ഷൈനെ വിട്ടയച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com