സുജിത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി: എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്

ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി
സുജിത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി: എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്
Published on



മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയിൽ എഫ്ഐആർ രസിജ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവ്. പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നൽകിയത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.

സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടമ്മ നൽകിയത് കള്ളപ്പരാതിയാണെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബലാത്സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നൽകിയത്.

പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. എസ്.പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല. വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. പരാതിക്കാരി നല്‍കിയ മൊഴിയില്‍ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളും തീയതിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി.വി. ബെന്നി, മുൻ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. മലപ്പുറത്ത് വസ്തു പ്രശ്നം പരിഹരിക്കാനെത്തിയ യുവതി ആദ്യം പൊന്നാനി സിഐ ആയിരുന്ന വിനോദിന് പരാതി നല്‍കിയെന്നും ഇതിനു പിന്നാലെ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസുകാരും യുവതിയെ പല സ്ഥലങ്ങളില്‍ നിന്നായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പീഡന പരാതി വ്യാജമാണെന്ന് സുജിത് ദാസും ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും നേരത്തേ ആരോപിച്ചിരുന്നു. വീട്ടമ്മ ഉന്നയിച്ച പീഡന പരാതിയില്‍ കഴമ്പില്ലെന്നത് നേരത്തെ കണ്ടെത്തിയതാണെന്ന് സുജിത് ദാസ് വ്യക്തമാക്കിയിരുന്നു. മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ മനഃപൂര്‍വ്വം കുടുക്കാനാണ് ആരോപണം എന്നാണ് ഡിവൈഎസ്പി ബെന്നി പറഞ്ഞത്.  സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് പ്രതികരിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com