ആദ്യം 720 ഇപ്പോള്‍ 682; പുനഃപ്രസിദ്ധീകരിച്ച നീറ്റ് ഫലത്തില്‍ ഹരിയാനയിലെ സെന്‍ററില്‍ മാർക്കില്‍ വ്യത്യാസം

നീറ്റ് പരീക്ഷയില്‍ ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഹരിയാനയിലെ പരീക്ഷ സെന്‍ററില്‍ ഫലം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മാർക്കില്‍ വ്യത്യാസം
ആദ്യം 720 ഇപ്പോള്‍ 682; പുനഃപ്രസിദ്ധീകരിച്ച നീറ്റ് ഫലത്തില്‍ ഹരിയാനയിലെ സെന്‍ററില്‍ മാർക്കില്‍ വ്യത്യാസം
Published on

നീറ്റ് പരീക്ഷയില്‍ ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഹരിയാനയിലെ പരീക്ഷ സെന്‍ററില്‍ ഫലം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മാർക്കില്‍ വ്യത്യാസം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് പുറത്തിറക്കിയ ഫല പ്രകാരം ഈ സെന്‍ററില്‍ ആരും 680 മാര്‍ക്കില്‍ കൂടുതല്‍ നേടിയിട്ടില്ല. എന്‍ടിഎ പുറത്തിറക്കിയ നഗരം തിരിച്ചുള്ള ഫലത്തിലാണ് ഈ വ്യത്യാസം വന്നത്.

നീറ്റ് ഫലങ്ങള്‍ അനുസരിച്ച് ഹരിയാനയിലെ ബഹാദുര്‍ഗര്‍ഹ പബ്ലിക് സ്കൂളില്‍ 494 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. അതില്‍, ഒരു വിദ്യാര്‍ഥി മാത്രമാണ് ഉയര്‍ന്ന സ്‌കോറായ 682 മാര്‍ക്ക് നേടിയിരിക്കുന്നത്. കൂടാതെ 13 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 600ല്‍ കൂടുതല്‍ മാര്‍ക്ക് .

മുന്‍പ് നീറ്റ് എക്‌സാം ഡാറ്റ പ്രസിദ്ധീകരിച്ചപ്പോള്‍ ഹരിയാനയിലെ സെന്‍ററില്‍ ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കായ 720 നേടിയിരുന്നു. ആ ഡാറ്റയില്‍ 718, 719 സ്‌കോറുകള്‍ നേടിയ രണ്ട് വിദ്യാര്‍ഥികളുമുണ്ടായിരുന്നു. എന്നാല്‍ പുനഃപ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റില്‍ ഹരിയാന സെന്‍ററില്‍ പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്കാർക്കും ഈ സ്കോറുകള്‍ ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള മാർക്ക് വ്യത്യാസം വലിയ തോതില്‍ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

നീറ്റ് പരീക്ഷ വിഷയത്തില്‍ 1563 വിദ്യാര്‍ഥികളോട് പുനഃപരീക്ഷ എഴുതാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതില്‍ 800 വിദ്യാര്‍ഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ടിഎ സെന്‍റര്‍-നഗര അടിസ്ഥാനത്തില്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച ഫലമാണ് വിദ്യാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ മറച്ച് വീണ്ടും പുറത്തുവിട്ടത്. ചില സെന്‍ററുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോറുകളില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നുവിത്.

മെയ് 5ന് രാജ്യത്തെ 571 നഗരങ്ങളിലെ 4750 സെന്‍ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പേപ്പര്‍ ചോര്‍ച്ചയും മറ്റ് ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷയില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്.  പുനഃപരീക്ഷ, പരീക്ഷ റദ്ദാക്കല്‍ എന്നിങ്ങനെ നീറ്റുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ജൂലൈ 22ന് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com