
കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നാളെ കൊടിയേറാനിരിക്കെ നേതാക്കളും പ്രവർത്തകരും നൊമ്പരത്തോടെ ഓർക്കുന്നത് കോടിയേരി ബാലകൃഷ്ണനെയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി, ആരോഗ്യനില മോശമായതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് വിട പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യമില്ലാത്ത സംസ്ഥാന സമ്മേളനം അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളാൽ നിറയും.
2022 മാർച്ച് മാസത്തിൽ കൊച്ചിയിൽ ചേർന്ന സിപിഐഎം സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞടുത്തപ്പോൾ തുടർച്ചയായ മൂന്നാം വട്ടമാണ് ആ സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടത്. പാർട്ടിയിലും പൊതു സമൂഹത്തിലും കോടിയേരി ബാലകൃഷ്ണനുള്ള സ്വീകാര്യത തന്നെയാണ് മൂന്നാം തവണയും പാർട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കാൻ കാരണമായതും. എന്നാൽ അർബുദ രോഗം തീവ്രമായി ആരോഗ്യ നില മോശമായപ്പോൾ, ഏതാനും മാസങ്ങൾക്കകം തന്നെ കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ തുടരുന്നതിനിടെ 69 വയസ്സുകാരനായ കോടിയേരി ബാലകൃഷ്ണൻ മരണത്തിന് കീഴടങ്ങി.
ആറാം വയസ്സിൽ അച്ഛനെ നഷ്ടമായ ബാലകൃഷ്ണൻ, കോടിയേരി ബാലകൃഷ്ണനായി വളർന്നത് തീഷ്ണമായ പോരാട്ടത്തിന്റെ നാൾവഴികളിലൂടെയാണ്. വിദ്യാർഥി ജീവിത കാലത്ത് പൊതു വിപ്ലവ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ട ബാലകൃഷ്ണൻ പതിനാറാം വയസ്സിൽ പാർട്ടി അംഗമായി. പിന്നെ കണ്ണൂരിലെ തീ പിടിച്ച രാഷ്ട്രീയ പോർമുഖങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ കരുത്തോടെ നിലകൊണ്ടു.
1982 ൽ തലശേരിയിൽ നിന്ന് നിയമസഭയിലെത്തിയതോടെ കേരളം കണ്ടത് കോടിയേരി എന്ന പ്രഗത്ഭനായ പാർലമെന്റേറിയനെയാണ്. നാലാം വട്ടവും തലശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര ടൂറിസം വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം തിളങ്ങി. കേരള പൊലീസിന് ജനകീയ മുഖം സമ്മാനിക്കാനും, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താനും ആ 5 വർഷക്കാലം കൊണ്ട് കോടിയേരിക്ക് സാധിച്ചു. 2011 ൽ അഞ്ചാമൂഴത്തിൽ പ്രതിപക്ഷ ഉപനേതാവ് എന്ന ദൗത്യമായിരുന്നു കോടിയേരിക്ക്. വിഎസും പിണറായിയും കൊമ്പ് കോർത്തിരുന്ന വിഭാഗീയത കൊടി കുത്തി വാണ കാലത്ത് കോടിയേരിയുടെ നയതന്ത്രമാണ് പാർട്ടിയെ ഒരുമിച്ച് നിർത്തിയത്.
പിണറായിയുടെ പിന്മുറക്കാരനായി 2015 ൽ സംസ്ഥാന സെക്രട്ടറി കസേരയിലെത്തിയപ്പോൾ പാർട്ടി അച്ചടക്കത്തിൽ വിട്ടുവീഴ്ച കാട്ടാതെ തന്നെ, സൗമ്യതയാർന്ന ഇടപെടലിലൂടെയും, തികഞ്ഞ നർമ്മബോധത്തോടെയും കോടിയേരി നിലകൊണ്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലയളവിൽ പാർട്ടി സംഘടനാ സംവിധാനത്തെ ചലിപ്പിച്ച കോടിയേരി 2018 ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലാണ് ആകസ്മികമായി അർബുദ ബാധ കോടിയേരിക്ക് സ്ഥിരീകരിക്കുന്നത്. ഇതേ സമയത്താണ് മക്കളായ ബിനോയിയും ബിനീഷും വിവാദങ്ങളിൽ അകപ്പെടുകയും, കേസുകളിൽ പ്രതികളാക്കപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തിൽ സ്വമേധയാ സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി 2020ൽ ഒഴിഞ്ഞു.
2022 ലെ സംസ്ഥാന സമ്മേളനത്തിൽ കോടിയേരി തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇടതുമുന്നണി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോൾ ആ വിജയത്തിന്റെ ക്രെഡിറ്റ് കോടിയേരിയെന്ന പാർട്ടി നേതാവിന് കൂടി അവകാശപ്പെട്ടതായിരുന്നുവെന്ന് ആ സ്ഥാനാരോഹണം വ്യക്തമാക്കി.
എന്നാൽ 2022 ഒക്ടോബറിൽ കോടിയേരി സമരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് പാർട്ടി പതാക പുതച്ച് അന്ത്യവിശ്രമത്തിലാണ്ടു. അകാല മരണം കൂട്ടിക്കൊണ്ടു പോയില്ലായിരുന്നെങ്കിൽ ചിരിക്കുന്ന മുഖത്തോടെ മുഴങ്ങുന്ന ശബ്ദത്തോടെ കൊല്ലം സമ്മേളനത്തിൽ കോടിയേരി ഉണ്ടാകുമായിരുന്നെന്ന് നഷ്ടബോധത്തോടെ പ്രതിനിധി സഖാക്കൾ അനുസ്മരിക്കുന്നിടത്താണ് ആ ഓർമ്മകൾ അനശ്വരമാകുന്നത്.
കോടിയേരി ഇല്ലാക്കാലത്ത് കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുക കോടിയേരി ബാലകൃഷ്ണൻ നഗറിലാണ്. കോടിയേരിയെ പോലൊരു കരുത്തനും സൗമ്യനുമായ നേതാവിന്റെ അഭാവം സിപിഐഎമ്മിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിലും പ്രകടമായ കാലത്താണ് പാർട്ടി സമ്മേളനം ചേരുന്നത്.