
റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും മോചിതരായ മലയാളി യുവാക്കൾ സ്വന്തം നാട്ടിൽ മടങ്ങിയെത്തി. റെനിൽ തോമസിനെയും ,സന്തോഷ് ഷൺമുഖനെയും വാരിപുണർന്നു കൊണ്ടാണ് ജന്മനാട് സ്വീകരിച്ചത്. വൈകാരികമായ മുഹൂർത്തങ്ങൾക്കായിരുന്നു കൊച്ചി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് ഇവരുടെ മോചന നടപടികൾ വേഗത്തിലാക്കിയത്.
നാളുകൾ നീണ്ട ആശങ്ക, പ്രിയപ്പെട്ടവരെ ഒരിക്കൽ കൂടി കാണാനാകുമോ എന്നോർത്ത് ആശങ്കയിൽ കഴിഞ്ഞുകൂടിയ ദിന രാത്രങ്ങൾ. വാക്കുകൾ കൊണ്ട് നിർവചിക്കാവുന്നതിലും അപ്പുറമാണ് ഈ മടങ്ങിവരവ് നൽകുന്ന ആശ്വാസം. ആ സന്തോഷം റെനിലിനെയും സന്തോഷ് ഷൺമുഖനെയും സ്വീകരിക്കാനെത്തിയ ബന്ധുക്കളിലും വ്യക്തമായിരുന്നു.
റെനിലിനും സന്തോഷിനും ഇത് ആശ്വാസത്തിന്റെ ഓണം കൂടിയാവുകയാണ്. റഷ്യൻ മണ്ണിൽ നിന്ന് മടങ്ങിവരാനാകുമോ എന്ന അനിശ്ചിതത്വം നിറഞ്ഞ ദിവസങ്ങൾക്ക് ശേഷം തിരുവോണം കുടുംബത്തോടൊപ്പം ചെലവഴിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഇരുവരും. ഇന്ന് രാവിലെ ഡൽഹിയിൽ എത്തിയ അവർ ഉച്ചയ്ക്കു ശേഷമുള്ള ഇൻഡിഗോ വിമാനത്തിലാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഇരുവരെയും സ്വീകരിക്കാൻ കുടുംബാംഗങ്ങളും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. വൈകാരികമായ നിമിഷങ്ങൾക്കാണ് ന്യൂസ് മലയാളം ക്യാമറ കണ്ണുകൾ സാക്ഷ്യം വഹിച്ചത്.
ഓഗസ്റ്റ് 30 ന് ന്യൂസ് മലയാളത്തിലൂടെയാണ് റഷ്യയിൽ കുടുങ്ങിയ മലയാളി യുവാക്കാൾ നാട്ടിലേക്ക് തിരികെ മടങ്ങുന്നതിന് സഹായം അഭ്യർത്ഥിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും വാർത്തയിൽ വേഗത്തിൽ ഇടപെട്ടതോടെയാണ് 15 ദിവസത്തിനുള്ളിൽ ഇവരുടെ മോചനം സാധ്യമായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ച തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ , ബിനിൽ ബാബു എന്നീ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്. ഇവരിൽ തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും, ജെയ്ൻ കുര്യനും ഇപ്പോഴും യുദ്ധമുഖത്ത് തന്നെയാണ് കഴിയുന്നതെങ്കിലും ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം.
ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്‍റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.