
പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച് ഷൂട്ടർമാർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കറാണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഫൈനലിൽ മൂന്നാമതായാണ് മനു ഫിനിഷ് ചെയ്തത്. ഫൈനലിൽ 221.7 പോയിൻ്റുമായാണ് മനു വെങ്കലം സ്വന്തമാക്കിയത്. ടോക്യോ ഒളിംപിക്സിൽ പിസ്റ്റൾ തകരാറിനെ തുടർന്ന് കണ്ണീരോടെ മടങ്ങിയ മനു ഭാക്കറിന് ഇതു മധുരപ്രതികാരം കൂടിയായി മാറി.
ഷൂട്ടിംഗ് ഒളിംപിക്സിൻ്റെ ഭാഗമായ ശേഷം, കഴിഞ്ഞ 20 വർഷത്തിനിടെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം കഴിഞ്ഞ ദിവസം തന്നെ അവർ സ്വന്തം പേരിലാക്കിയിരുന്നു. പാരിസ് ഒളിംപിക്സിൽ ഇനി രണ്ട് ഇനങ്ങളിൽ കൂടി മനു ഭാക്കർ മത്സരിക്കുന്നുണ്ട്. മിക്സ് ടീം ഇനത്തിൽ സരബ്ജോതിനൊപ്പവും, 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഒറ്റയ്ക്കും മനു മത്സരിക്കും.
ഒളിംപിക്സിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ. 2004 എഥൻസ് ഒളിംപിക്സിൽ വെള്ളി നേടിയ രാജ്യവർധൻ സിംഗ്, 2008ൽ ബിജിംഗിൽ സ്വർണ്ണം നേടിയ അഭിനവ് ബിന്ദ്ര, 2012ൽ ലണ്ടൻ ഒളിംപിക്സിൽ വിജയ് കുമാർ വെള്ളി നേടിയിരുന്നു. അതേവർഷം, ഗഗൻ നരംഗ് വെങ്കലം നേടി.
അതേസമയം, ഷൂട്ടിംഗിൽ ഇന്ത്യയുടെ രമിത ജിൻഡാൽ ഫൈനലിലെത്തി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് രമിത ഫൈനലിൽ കടന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയിൻ്റോടെയാണ് ഈ ഫൈനൽ പ്രവേശനം.