
ലോകത്ത് ആദ്യമായി പഠനേതര ബഹിരാകാശ നടത്തം വിജയകരം. ജേറഡ് ഐസക്മൻ, സാറ ഗില്ലിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യത്തെ വാണിജ്യ ബഹിരാകാശ ദൗത്യം സാധ്യമാക്കിയത് ഈലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഏജൻസിയാണ്.
സർക്കാർ നിയന്ത്രിത ബഹികാരാകാശ ഗവേഷണ ഏജൻസികളുടെ വിദഗ്ധരായ ബഹിരാകാശ യാത്രികർ മാത്രം സാധ്യമാക്കിയ കാര്യമാണ് ബഹിരാകാശ വിദഗ്ധരല്ലാത്ത രണ്ടു പേർ ലോകത്ത് ആദ്യമായി വിജയകരമാക്കിയത്. പഠനേതരവും വാണിജ്യപരവുമായ ബഹിരാകാശ നടത്തം കൂടിയാണ് സാധ്യമായത്. മറ്റൊരർത്ഥത്തിൽ, ബഹിരാകാശ വിനോദ സഞ്ചാരത്തിൻ്റെ ആദ്യ ചുവടുകളാണ് ജേറഡ് ഐസക്മൻ എന്ന കോടീശ്വരനും സാറ ഗില്ലിസ് എന്ന എൻജിനീയറും വിജയകരമായി പൂർത്തിയാക്കിയത്.
ഈലോൺ മസ്കിൻ്റെ സ്പേസ് എക്സിൻ്റെ പേടകത്തിലാണ് ഇരുവരും യാത്ര ചെയ്തത്. പ്രത്യേകമായി രൂപകൽപന ചെയ്ത സ്പേസ് സ്യൂട്ടുകൾ ധരിച്ച ഇരുവരും പതിനഞ്ച് മിനിട്ടുകളുടെ വ്യത്യാസത്തിലാണ് പേടകത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഐസക്മൻ ആദ്യം പുറത്തിറങ്ങി. 'ഭൂമി, എത്ര പൂർണതയുള്ള ലോകം ' എന്നാണ് ബഹിരാകാശത്തു നിന്നുള്ള കാഴ്ചയെ ഐസക്മൻ വിശേഷിപ്പിച്ചത്.
ഭൂമിക്ക് 700 കിലോമീറ്ററുകൾ മുകളിൽ ഡ്രാഗൺ ക്യാപ്സൂൾ എന്ന പേടകത്തിൽ നിന്ന് രണ്ടു പേർ പുറത്തിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടു. സാറ ഗില്ലിസിനും ജേറഡ് ഐസക്മനും പുറമേ അന്ന മേനോൻ, സ്കോട്ട് പൊറ്റീറ്റ് എന്നിവരും ദൗത്യത്തിൻ്റ ഭാഗമായിരുന്നു. ഐസക് മൻ പണം മുടക്കിയ പൊളാരിസ് ഡോൺ എന്ന ദൗത്യത്തിൻ്റെ ഭാഗമായിരുന്നു ബഹിരാകാശ നടത്തം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്പേസ് എക്സ് റോക്കറ്റ് ലോഞ്ച് ചെയ്തത്.
ബഹിരാകാശയാന രംഗത്ത് ഏറെ പ്രയാസകരമായ ദൗത്യമാണ് ബഹിരാകാശ നടത്തം. പഠനേതരമായി ഇത് വിജയകരമാക്കിയത് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് നാഴികക്കല്ലാണ്.