പെരിയാറിലെ മത്സ്യക്കുരുതി; പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി

നാളെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമായിരിക്കും കോടതിയിൽ റിപ്പോർട്ട് നൽകുക.
പെരിയാറിലെ മത്സ്യക്കുരുതി; പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി
Published on

പെരിയാറിലെ മാലിന്യ പ്രശ്നങ്ങൾ പഠിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി. ഹർജിക്കാരുമായി ചർച്ച നടത്തിയ ശേഷം സമിതിയംഗങ്ങൾ പ്രശ്ന ബാധിത മേഖലകൾ സന്ദർശിച്ചു. നിലവിൽ ഉള്ള മലിനീകരണ നിയന്ത്രണ പദ്ധതികളെ കൂടി വിലയിരുത്തിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. പെരിയാറിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണൽ അടക്കം ഉത്തരവിട്ട നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും സ്ഥലം സന്ദർശിച്ച ശേഷം സമിതി വ്യക്തമാക്കി.

കഴിഞ്ഞ മാസം 20 നാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അന്ന് തന്നെ വ്യക്തമായിരുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പ്രകാരം ജലത്തിലെ ഓക്സിജൻ അളവിലെ വ്യതിയാനമാണ് കാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടു.

ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിശോധന നടത്താൻ കമ്മിറ്റിയെ നിയോഗിച്ചത്. എൻവയോൺമെൻ്റൽ സെക്രട്ടറി , കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പ്രതിനിധികൾ, അമിക്കസ് ക്യൂറി , ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയാണ് പ്രശ്ന ബാധിത മേഖലകൾ സന്ദർശിച്ചത്.

നിലവിലുള്ള മലിനീകരണ നിയന്ത്രണ പദ്ധതികളെ കൂടി വിലയിരുത്തിയാണ് റിപ്പോർട്ട് സമർപ്പിക്കുക. നാളെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉണ്ടാവും. ഇതിനു ശേഷമായിരിക്കും കോടതിയിൽ റിപ്പോർട്ട് നൽകുക. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയടക്കം ഉദ്യോഗസ്ഥർ സർക്കാരിനെ കബളിപ്പിക്കുകയാണെന്ന് പരാതിക്കാർ ആരോപിച്ചു.

എടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളുടെ വശങ്ങളിലൂടെ ഒഴുകി പെരിയാറിൽ എത്തുന്ന കൈത്തോടുകളിലെ വെള്ളത്തിൻ്റെ സാമ്പിളും ഇന്ന് പരിശോധനക്ക് അയച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലടക്കം ഉത്തരവിട്ട പരിഹാര നിർദേശങ്ങൾ ഉടൻ നടപ്പാക്കാൻ നിർദേശം നൽകുമെന്നും സമിതി വ്യക്തമാക്കി. ജൂലൈ 3നു ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com