
തിരുവനന്തപുരം മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്. മരിയനാട് സ്വദേശി പ്ലാസ്റ്റിൻ്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6 മണിയോടെ അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ പുറപ്പെട്ടത്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ നീന്തി കയറി. അവശനായ അലോഷ്യസിനെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജു, ബിജു, ജോർജ്, ആൽബി, പ്ലാസ്റ്റ് തുടങ്ങി 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
അതേസമയം സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
അതേസമയം, കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂർ, തൃശൂർ, കോട്ടയം, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.