ആഴക്കടലില്‍ കൈകാലുകള്‍ തളർന്ന് പോയ സലോമന്‍; ആ ജീവനു വേണ്ടി എട്ട് മണിക്കൂറില്‍ കടല്‍താണ്ടിയ ആറംഗ സംഘം

രണ്ടാഴ്‌ച മുമ്പാണ് സലോമൻ കോഴിക്കോട്ടെ 'എയ്‌ഞ്ചൽ ഫാത്തിമ' എന്ന തമിഴ്നാട് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്
ആഴക്കടലില്‍ കൈകാലുകള്‍ തളർന്ന് പോയ സലോമന്‍; ആ ജീവനു വേണ്ടി എട്ട് മണിക്കൂറില്‍ കടല്‍താണ്ടിയ ആറംഗ സംഘം
Published on

മീൻപിടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് കടലിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായത് കോസ്റ്റൽ പൊലീസും തീരത്തെ രക്ഷാപ്രവർത്തകരും. പക്ഷാഘാതം വന്ന് തളർന്ന ബേക്കൽ പള്ളിക്കര സ്വദേശി സലോമനെ (40) എട്ടുമണിക്കൂറോളം പണിപ്പെട്ടാണ് തീരത്ത് എത്തിച്ചത്. ആറു പേർ ചേർന്ന് പ്രതികൂല സാഹചര്യങ്ങളെ കാര്യമാക്കാതെ ആ ജീവനു വേണ്ടി ആഴക്കടൽ താണ്ടുകയായിരുന്നു.


രണ്ടാഴ്‌ച മുമ്പാണ് സലോമൻ കോഴിക്കോട്ടെ 'എയ്‌ഞ്ചൽ ഫാത്തിമ' എന്ന തമിഴ്നാട് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. സലോമൻ ഉൾപ്പെടെ എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് ദിവസം മുമ്പ് പുറംകടലിൽ വച്ച് സലോമന്  ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.  കൈയും കാലും തളർന്ന് ബോട്ടിൽ ഇദ്ദേഹം കിടപ്പിലാകുകയായിരുന്നു. മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിക്ക് പക്ഷാഘാതം വന്ന വിവരം  ബുധനാഴ്ച വൈകീട്ട് ഹാം റേഡിയോ വഴിയാണ് പുറംലോകമറിഞ്ഞത്. വിവരം അറിഞ്ഞ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്, സലോമനെ തീരത്തെത്തിക്കുവാനുള്ള ചുമതല ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സെയ്ഫുദ്ദീനെ ഏൽപ്പിച്ചു. കടലില്‍ സഞ്ചരിച്ച് പരിചയമുള്ള വ്യക്തി എന്ന നിലയ്ക്കാണ് സെയ്ഫുദ്ദീനെ തന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്.


ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സെയ്ഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകരുടെ തോണി നീലേശ്വരം തൈക്കടപ്പുറത്തുനിന്ന്‌ പുറപ്പെട്ടത്. എന്നാൽ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യം. രാത്രി എട്ടോടെ രക്ഷാപ്രവർത്തകരുടെ തോണി രണ്ട് യന്ത്രങ്ങളും ഉൾക്കടലിലെ കപ്പൽച്ചാലി വെച്ച് പ്രവർത്തനരഹിതമായി. യന്ത്രങ്ങൾ നന്നാക്കാൻ തീരസംരക്ഷണസേനയുടെ സഹായം തേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സംഘം ആശങ്കയിലായി. ഒടുവിൽ രക്ഷാസംഘത്തിലുണ്ടായ ഒരു യുവാവ് തന്നെ യന്ത്രത്തിന്റെ തകരാർ പരിഹരിച്ചു. യാത്ര തുടർന്ന സംഘം ഹാം റേഡിയോ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് സലോമന്‍റെ ബോട്ടിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. രാത്രി 9.30ന് ‘എയ്ഞ്ചൽ ഫാത്തിമ’യുടെ അടുത്തെത്തിയ രക്ഷാസംഘം സലോമനെ തങ്ങളുടെ തോണിയിലേക്ക് മാറ്റിയ ശേഷം കരയിലേക്ക് തിരിച്ചു.

എട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം രാത്രി 12 ഓടെ പള്ളിക്കര ബീച്ചിനടുത്ത് സലോമനെയും കൊണ്ട് സംഘം തീരത്തെത്തി. ആംബുലൻസടക്കമുള്ള സൗകര്യങ്ങൾ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും കരയിൽ ഒരുക്കിയിരുന്നു. ഇവിടെവെച്ചു  പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സലോമനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

ഹൊസ്ദുർഗ് എസ്ഐ എം.ടി.പി. സൈഫുദ്ദീന് പുറമേ, മാർട്ടിൻ, ശെൽവൻ, ബിജു, എന്തോനിസ്, സതീശൻ എന്നിവരാണ് രക്ഷാസംഘത്തിലുണ്ടായിരുന്നത്. സിവിൽ പൊലിസ് ഓഫീസർ ശരത് കുമാർ, റെസ്ക്യൂ ഗാർഡ് സേതു, ശിവൻ ഡ്രൈവർ ഷൈജു, സതീശൻ, മാർട്ടിൻ, ശെൽവൻ, ബിജു എന്നിവരും ആദ്യ ഘട്ടത്തിൽ ദൗത്യത്തിൽ പങ്കാളികളായി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com