
ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ ലഭിക്കുന്നില്ലെന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ ലഭിക്കുന്നില്ലെന്ന് ന്യൂസ് മലയാളം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. അർഹരുടെ പട്ടിക സിവിൽ സപ്ലൈസിന് ഫിഷറീസ് വകുപ്പിന് ഇതിനോടകം കൈമാറിയിട്ടുണ്ട്.
എന്നാൽ, പട്ടിക കൈമാറുന്നതിൽ ഫിഷറീസ് വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജൂൺ 9ന് അർദ്ധരാത്രി സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി ഒരുമാസം കഴിയുമ്പോഴും മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട സൗജന്യ റേഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. സൗജന്യ റേഷന് അർഹതയുള്ളവരുടെ പട്ടിക സിവിൽ സപ്ലൈസിന് കൈമാറിയിട്ടുണ്ട് എന്നാണ് ഫിഷറീസ് വകുപ്പിൻ്റെ വിശദീകരണം.
ഫിഷറീസ് വകുപ്പിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് ഭക്ഷ്യമന്ത്രി മന്ത്രി ജി.അർ. അനിൽ പ്രതികരിച്ചത്. ഇരു വകുപ്പുകളുടെയും അനാസ്ഥ മൂലം വറുതിയുടെ കാലത്ത് മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലാകുകയാണ്. സംസ്ഥാനത്തെ മത്സ്യതൊഴിലാളി കുടുംബങ്ങളിൽ എപിഎൽ, ബിപിഎൽ വിഭാഗങ്ങളിലായി 54,944 ഗുണഭോക്താക്കളാണ് ഉള്ളത്.
ഇതിൽ 21,978 ഗുണഭോക്താക്കൾക്കാണ് ട്രോളിംഗ് കാലത്തെ സൗജന്യ റേഷന് അർഹതയുള്ളത്. റേഷൻ കടകളിലേക്ക് ഇതുവരെയും അർഹതപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നാണ് റേഷൻ കടയുടമകൾ പറയുന്നത്. ഈ വിഷയത്തിൽ നിലവിൽ മന്ത്രി ജി ആർ അനിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.