
മുതലപ്പൊഴിയിലെ മണൽ നീക്ക പ്രതിസന്ധിയിൽ പൊഴി മുറിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് മത്സ്യത്തൊഴിലാളികൾ എത്തിയത്. ബോട്ടുകൾ നിരത്തിയിട്ടും മനുഷ്യചങ്ങല തീർത്തുമാണ് പ്രതിഷേധിക്കുന്നത്. ഡ്രജിങ് പൂർത്തിയാക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.
പ്രദേശത്ത് വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. പൊലീസുമായി ചർച്ചയ്ക്ക് ഇല്ലെന്നും മന്ത്രി വരണമെന്നുമാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാറും ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വന്നത് സമരത്തെ വെല്ലുവിളിക്കാൻ അല്ലെന്നും സമരക്കാരുമായി ചർച്ച നടത്തുമെന്നും അനിൽകുമാർ പറഞ്ഞു. അവരുടെ ആശങ്കകൾ കേൾക്കും. പൊഴി അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. പ്രതിഷേധം എന്തിനാണെന്ന് മനസ്സിലായി. കായലിൽ നിന്ന് വെള്ളം പോകാൻ മാത്രമല്ല പുഴിമുറിക്കുന്നത്. നാലുദിവസം നൽകിയാൽ വലിയ വള്ളങ്ങൾ പോകാനുള്ള അവസ്ഥയിൽ പൊഴി മുറിക്കാം എന്നും ഹാർബർ എൻജിനീയർ പറഞ്ഞു.
എന്നാൽ മണ്ണ് പൂർണ്ണമായി മാറ്റണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഡ്രെഡ്ജിങ് നടത്തി മണ്ണ് മാറ്റാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അദാനിയുടെ പോർട്ടിലെ ഡ്രജർ കൊണ്ടു വരണം. എന്നാലെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകു. സർക്കാർ നിർദ്ദേശമുണ്ടെങ്കിൽ അത് നടക്കും. കണ്ണൂരിൽ നിന്ന് ഡ്രജർ എത്തിക്കേണ്ട ആവശ്യമില്ല. അല്ലാത്ത പക്ഷം എല്ലാ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് 1000 രൂപ വീതം നൽകണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.