
ഹിമാചൽ പ്രദേശിലെ ഷിംലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു. 50 ലധികം പേരെ കാണാതായി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, ഹോം ഗാർഡ്, ഫയർ ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു.
കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മാണ്ഡിയിലെ പധർ, ഷിംല ജില്ലയിലെ രാംപൂർ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധി വീടുകൾ പൂർണമായും ചിലത് ഭാഗികമായും തകർന്നിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡ് സംവിധാനവും, അനവധി പാലങ്ങളും തകർന്നിട്ടുണ്ട്.
ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയപാത പലയിടത്തും തകർന്നിട്ടിട്ടുണ്ട്. പാർവതി നദിയും മലാന ഖുദും നിറഞ്ഞതോടെ കുളുവിലെ ഭുന്തർ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മണ്ണിടിച്ചിലിൽ മണാലി-ചണ്ഡീഗഡ് ദേശീയ പാതയുടെ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു.