
ഫ്ലോറിഡ തീരത്തക്ക് വീശിയടിച്ച കാറ്റഗറി നാല് ഹെലീന്‍ ചുഴലിക്കാറ്റിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. മൂന്ന് പേർ ജോർജിയയിലും, ഒരാൾ ഫ്ലോറിഡയിലും, ഒരാൾ നോർത്ത് കരോലിനയിലുമാണ് ഹെലീൻ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ഈ വര്‍ഷം യുഎസില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.
ഫ്ലോറിഡയില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി സേവനം നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഹെലീൻ ചുഴലിക്കാറ്റിൻ്റെ ശക്തി നിലവിൽ കുറഞ്ഞിരിക്കുകയാണ്. അറ്റ്ലാന്‍റയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റർ വേഗതയിലാണ് ഹെലൻ വീശി അടിച്ചത്. അത്യന്തം അപകടകാരിയായ ഹെലീൻ കാറ്റഗറി 4 ചുഴലിക്കാറ്റിനെ തുടർന്ന് യുഎസിലെ നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്‍സി) അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു.