"യുക്രെയ്‌ന് അഞ്ച് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കും"; നാറ്റോ ഉച്ചകോടിയില്‍ ജോ ബൈഡന്‍റെ പ്രതിജ്ഞ

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായം നല്‍കണമെന്ന് മാസങ്ങളായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി തന്‍റെ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചുവരികയായിരുന്നു
ജോ ബൈഡന്‍
ജോ ബൈഡന്‍
Published on

റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ ചെറുക്കാന്‍ യുക്രെയ്‌ന് അഞ്ച് പുതിയ തന്ത്രപരമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതിജ്ഞയെടുത്തു. നാറ്റോ ഉച്ചകോടിയില്‍ നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ബൈഡന്‍റെ പ്രതിജ്ഞ.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അതിന്‍റെ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍, അമേരിക്കയും യുക്രെയ്‌നുമായുള്ള സൈനിക സഖ്യം എന്നത്തേക്കാളും ശക്തമായിരിക്കുന്നു എന്നും ബൈഡന്‍ പ്രഖ്യാപിച്ചു. റഷ്യയുടെ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്ക് നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന അവസ്ഥയില്‍,  യുക്രെയ്‌നിനെ സഹായിക്കാന്‍ ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, റൊമാനിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പാട്രിയറ്റ് മിസൈല്‍ ബാറ്ററികളും, മറ്റു സംവിധാനങ്ങളും സംഭാവന ചെയ്യാന്‍ യുഎസ് നേതൃത്വം കൊടുക്കുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ രാജ്യത്തുടനീളം 43 പേര്‍ കൊല്ലപ്പെടുകയും, നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തിട്ടില്ല.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായം നല്‍കണമെന്ന് മാസങ്ങളായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളൊഡിമിര്‍ സെലന്‍സ്‌കി തന്‍റെ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ച് വരികയായിരുന്നു. വരുന്ന വര്‍ഷം അഞ്ച് തന്ത്രപരമായ വ്യോമ പ്രതിരോധ സംവിധാനങ്ങളും, ഡസന്‍ കണക്കിന് ചെറുതും തന്ത്രപരവുമായ ആന്‍റി-എയര്‍ ബാറ്ററികളും യുക്രെയ്‌ന് നല്‍കാനാണ് നാറ്റോയുടെ പദ്ധതി.

"റഷ്യ വിജയിക്കില്ല, യുക്രെയ്ന്‍ വിജയിക്കും. യുദ്ധം അവസാനിച്ച് യുക്രെയ്ന്‍ ഒരു സ്വതന്ത്ര രാജ്യമായി തീരും", ബൈഡന്‍ ഉച്ചകോടിയില്‍ പറഞ്ഞു. ഏകദേശം 13 മിനിറ്റോളം പ്രസിഡന്‍റ് ബൈഡന്‍ വ്യക്തമായ ശബ്ദത്തില്‍ സംസാരിച്ചു. കഴിഞ്ഞ മാസം നടന്ന ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ ചര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്ന് സഖ്യകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയ പ്രസംഗത്തില്‍, 'സ്വേച്ഛാധിപതികള്‍ ആഗോളക്രമത്തെ അട്ടിമറിക്കുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

32 അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ യുഎസ് തലസ്ഥാനത്ത് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യുകെയുടെ പുതിയ പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാര്‍മറും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വാഷിങ്ടണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 'നാറ്റോയ്ക്ക്' ലേബർ പാർട്ടിയുടെ ശക്തവും അചഞ്ചലവുമായ പിന്തുണയുണ്ടെന്നാണ് സ്റ്റാര്‍മര്‍ പറഞ്ഞത്. ജോ ബൈഡന്‍, കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ നേതാക്കള്‍ എന്നിവരുമായി സ്റ്റാര്‍മര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

നവംബറിലെ അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സെലെന്‍സ്‌കി വ്യാഴാഴ്ച ബൈഡനുമായി കൂടിക്കാഴ്ച നടത്തും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com