
തിരുവനന്തപുരം ശ്രീകാര്യത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദുലാൽ, സജീർ എന്നിവരാണ് പിടിയിലായത്. ജോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി കമ്മീഷണർ സ്പർജൻ കുമാർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. കുറ്റ്യാണി സ്വദേശികളായ അൻഷാദ് ,അൻവർ ഹുസൈൻ, സജീർ എന്നിവർക്കായി തെരച്ചിൽ ആരംഭിച്ചതായും കമ്മീഷണർ പറഞ്ഞു.
സംഭവത്തിൽ അക്രമികൾ സഞ്ചരിച്ച കാർ വാടകയ്ക്ക് എടുത്തു നൽകിയ മുക്കുന്നുമൂട് സ്വദേശി സുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മാസം മുമ്പ് പോത്തൻകോട് പ്ലാമൂട് നടന്ന വെട്ടുകേസിൻ്റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. കാപ്പ ചുമത്തി അറസ്റ്റിലായിരുന്ന ജോയി കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവെച്ചാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. രക്തം വാർന്ന് രണ്ടുമണിക്കൂറോളം റോഡിൽ കിടന്ന ജോയിയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.