'നിർജലീകരണവും സൂര്യാഘാതവും'; തമിഴ്‌നാട്ടിൽ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു

സംഭവത്തിൽ പ്രതിഷേധിച്ച എഐഎഡിഎംകെ, ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്‍റെ രാജി ആവശ്യപ്പെട്ടു
'നിർജലീകരണവും സൂര്യാഘാതവും'; തമിഴ്‌നാട്ടിൽ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു
Published on

തമിഴ്നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു. നൂറോളം പേർ ആശുപത്രിയിലാണ്. നിർജലീകരണവും സൂര്യാഘാതവും കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്‍റെ രാജി ആവശ്യപ്പെട്ടു.

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം പിടിക്കാനായി 15 ലക്ഷം കാണികളെ ഉള്‍പ്പെടുത്തിയാണ് വ്യോമ സേനയുടെ എയർഷോ നടന്നത്. എന്നാല്‍ ഇത്രയും ജനങ്ങള്‍ക്ക് വേണ്ട മതിയായ സൗകര്യങ്ങള്‍ സംഘാടകർ ഒരുക്കിയിരുന്നില്ല. ചെന്നൈ സിറ്റി പൊലീസിന്‍റെ മോശം ആള്‍ക്കൂട്ട നിയന്ത്രണവും ട്രാഫിക് മാനേജ്മെന്‍റും കൂടിയായപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോയതെന്നാണ് ആരോപണം. സുരക്ഷയ്ക്കായി 6500 പൊലീസുകാരെയും 1500 ഹോം ഗാർഡുമാരെയും ചെന്നൈ പൊലീസ് വിന്യസിച്ചിരുന്നു.

Also Read: മേഘാലയയിൽ കനത്ത മഴ തുടരുന്നു; മരണ സംഖ്യ 15 ആയി ഉയർന്നു

വൻതോതില്‍ ട്രാഫിക് വഴിതിരിച്ചുവിട്ടും പാർക്കിങ് നിയന്ത്രിച്ചും പരിപാടി ആരംഭിക്കുന്നതിനു മുമ്പ് വരെ എല്ലാം സുഗമമായാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ രാവിലെ 11 മണിക്ക് എയർ ഷോ അടുത്തതും കാണികളുടെ എണ്ണം വളരെയധികം വർധിച്ചു. മറീന ബീച്ച് റോഡ് മുതല്‍ എംആർടിഎസ് റെയിൽവേ സ്റ്റേഷന്‍ വരെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. താപനില ഉയർന്ന സാഹചര്യത്തില്‍ ഇത്രയും വലിയ ആള്‍ക്കൂട്ടത്തിന് കുടിക്കാന്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ പരിപാടി നടക്കുന്നിടത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല, പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ, നൂറുകണക്കിന് ആളുകൾ വാഹനങ്ങൾ എടുക്കാന്‍ സാധിക്കാതെ തിരക്കേറിയ റോഡുകളിലൂടെ മൂന്നോ നാലോ കിലോമീറ്റർ നടക്കേണ്ടിയും വന്നു. റോഡരികിലും കുടിവെള്ള സ്‌റ്റേഷനുകളില്ലായിരുന്നു. ഈ പ്രദേശത്തെ മിക്ക ഭക്ഷണശാലകളും അടഞ്ഞുകിടക്കുകയും തുറന്നിരുന്ന കടകളിൽ വെള്ളവും ശീതളപാനീയങ്ങളും തീർന്നുപോകുകയും ചെയ്തിരുന്നു. ഈ സാഹചര്യമാണ് നിർജലീകരണവും സൂര്യഘാതവും കാരണം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയത്.

ഐഎഎഫുമായുള്ള ഏകോപന യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചതായും മറ്റ് ഉദ്യോഗസ്ഥരുമായി നിരവധി യോഗങ്ങൾ നടത്തിയതായും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പ്രസ്താവനയിൽ പറഞ്ഞു. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ക്രമീകരണങ്ങൾ നടത്തിയത്. ചെന്നൈ കോർപ്പറേഷനും മെട്രോ വാട്ടറും ആവശ്യത്തിന് താല്‍ക്കാലിക ടോയ്‌ലറ്റുകളും കുടിവെള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായി ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

എയർ ഷോയിൽ സ്‌പെഷ്യൽ ഗരുഡ് ഫോഴ്‌സ് കമാൻഡോകളുടെ രക്ഷാപ്രവർത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ഷോ ഉൾപ്പെടുത്തിയിരുന്നു. റാഫേൽ ഉൾപ്പെടെ 72 വിമാനങ്ങൾ, തദ്ദേശീയമായി നിർമിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചന്ദ്, ഹെറിറ്റേജ് എയർക്രാഫ്റ്റ് ഡക്കോട്ട എന്നിവയും ഷോയില്‍ പ്രദർശിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com