ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ

വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് ബാഗ്ബഹാര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് അധികൃതർ അറിയിച്ചു
ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ
Published on

ഛത്തീസ്ഗഡിൽ ട്രയൽ റണ്ണിനിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നിശ്ചയിച്ചിരുന്ന ട്രെയിൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് നിശ്ചയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് ബാഗ്ബഹാര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

അധികൃതർക്കാർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ട്രെയിനിൻ്റെ മൂന്ന് കോച്ചുകളുടെ മൾട്ടി ലെയർ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശിവ് കുമാർ ബാഗേൽ, ദേവേന്ദ്ര കുമാർ, ജീതു പാണ്ഡെ, സോൻവാനി, അർജുൻ യാദവ് എന്നീ പ്രതികൾ ട്രെയിനിൻ്റെ സി2-10, സി4-1, സി9-78 എന്നീ മൂന്ന് കോച്ചുകളുടെ ചില്ലുകൾ തകർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.


1989ലെ റെയിൽവേ ആക്ട് പ്രകാരം ബാഗ്ബഹാര സ്വദേശികളായ പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുർഗ് മുതൽ വിശാഖപട്ടണം വരെയുള്ള വന്ദേ ഭാരത് ട്രെയിനിന് പുറമേ, ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോയും വാരണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനും തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com