തൃശൂരിൽ അഞ്ച് വയസുകാരന് അധ്യാപികയുടെ ക്രൂരമർദനം; കേസെടുത്ത് പൊലീസ്

മാതാപിതാക്കളുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ അധ്യാപികയും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
തൃശൂരിൽ അഞ്ച് വയസുകാരന് അധ്യാപികയുടെ ക്രൂരമർദനം; കേസെടുത്ത് പൊലീസ്
Published on

തൃശൂർ കുര്യച്ചിറയിൽ അഞ്ച് വയസുകാരന് അധ്യാപികയുടെ ക്രൂരമർദനം. ബോർഡിലെഴുതിയത് പകർത്തിയെഴുതിയില്ലെന്ന കാരണം പറഞ്ഞാണ് മദിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ അധ്യാപികയും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

തൃശൂർ കുര്യച്ചിറ സെൻ്റ് ജോസഫ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപിക സെലിനെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ ചൂരൽ ഉപയോഗിച്ച് സെലിൻ ക്രൂരമായി മർദിച്ചുവെന്നും,  ഭീഷണിപ്പെടുത്തി സംസാരിച്ചെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. എൽകെജി വിദ്യാർഥിയായ അഞ്ച് വയസുകാരൻ സെലിൻ ബോർഡിലെഴുതിയത് പകത്തിയെഴുതാൻ തയ്യാറായില്ല. പിന്നാലെ വിദ്യാർഥിയെ ക്രൂരായി മർദിക്കുകയായിരുന്നു.

തിങ്കളാഴ്ച വീട്ടിലെത്തിയ വിദ്യാർഥിയുടെ കാലിൽ മർദനത്തിൻ്റെ പാടുകൾ കണ്ടതോടെ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സ്കൂളിലും പൊലീസിലും പരാതി നൽകി. ആദ്യം പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർ, സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതരുടെ സ്വാധീനം മൂലം തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.


കഴിഞ്ഞ ആഴ്ച നടന്ന സംഭവം പുറത്തറിഞ്ഞതോടെ തൃശൂർ തിരൂർ സ്വദേശിനിയായ സെലിനും കുടുംബവും ഒളിവിൽ പോയതായാണ് നെടുപുഴ പൊലീസ് പറയുന്നത്. സെലിനെ കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com