ഫ്ലൈറ്റിന്‍റെ സമയം മാറി, തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; ഇന്‍ഡിഗോയ്ക്ക് പിഴ

ഫ്ലൈറ്റിന്‍റെ സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാൽ യാത്ര മുടങ്ങിയെന്നാണ് പരാതി
ഫ്ലൈറ്റിന്‍റെ സമയം മാറി, തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; ഇന്‍ഡിഗോയ്ക്ക് പിഴ
Published on

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങിയതില്‍ എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്‌തൃ കോടതി. കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്നതിനാലാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.  ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടേതാണ് നടപടി.

ഇടപ്പള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസമാണ് തിരുപ്പതി ക്ഷേത്ര ദർശനത്തിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തത്. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് യാത്ര മുടങ്ങി. ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതിൽ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

ഫ്ലൈറ്റിന്‍റെ സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനി യഥാസമയം അറിയിക്കാത്തതിനാൽ യാത്ര മുടങ്ങിയെന്നും ഇതുമൂലം തിരുപ്പതി ദർശനം നടത്താനായില്ലെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നിൽ എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് പരാതി പരിഗണിച്ച ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അം​ഗങ്ങൾ‌.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com