
പ്രളയവും, പ്രളയ സമാനമായ വെള്ളപ്പൊക്കവും, പ്രകൃതിക്ഷോഭവും, കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമാണെന്നും അതുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന സൂചികയിൽ കേരളം ഒന്നാമതാണ്. ആ നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഇനിയും മുന്നോട്ട് കുതിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തോടെ കാണണം. കഴിയുന്നതും നേരത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാരുമായുള്ള പ്രത്യേക കാലാവസ്ഥ സെമിനാറിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.
പരിസ്ഥിതി വകുപ്പ് ഒരുക്കിയ കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ചകൾ ഉയർത്തിക്കൊണ്ടുവരിക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ വിഷയങ്ങളാണ് കാലാവസ്ഥാ സെമിനാറിൽ ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ സംബന്ധിച്ച വിദഗ്ധ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.