
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ട്. കനത്ത മഴയെ മുൻനിർത്തി കേന്ദ്രം പ്രദേശത്ത് അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 49 പേർക്കായുള്ള തെരച്ചിൽ ഭരണകൂടം ശക്തമാക്കിയിരിക്കുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും മഴ കുറഞ്ഞാൽ തെരച്ചിൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ വെള്ളച്ചാട്ടങ്ങൾക്കും നദികൾക്കും സമീപം പോകരുതെന്നും നിർദേശവുമുണ്ട്.
വൈദ്യുതി പദ്ധതി പ്രദേശമായ മലാനയിൽ 33 പേർ കുടുങ്ങിയിരുന്നു. ഇതിൽ 29 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പവർ ഹൗസിലുള്ള നാല് പേരെക്കൂടി ഇനി രക്ഷപെടുത്താനുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഹിമാചലിലെ ഷിംല, മാണ്ഡി, കുളു ജില്ലകളിലാണ് ബുധനാഴ്ച മേഘവിസ്ഫോടനമുണ്ടായത്.
തുടർന്ന് വെള്ളപ്പൊക്കമുണ്ടായതോടെ കുളുവിലെയും മാണ്ഡിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കുളു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.