ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ വെടിവെപ്പിൽ നിന്ന് വിദ്യാർഥികളെ രക്ഷിച്ചത് ച്യൂയിങ് ഗം!

ഫ്ലോറിഡ സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടുപേര്‍ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ വെടിവെപ്പിൽ നിന്ന് വിദ്യാർഥികളെ രക്ഷിച്ചത് ച്യൂയിങ് ഗം!
Published on

യുഎസിലെ ഫ്ലോറിഡ സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടന്ന വെടിവെപ്പിൽ നിന്ന് വിദ്യാർഥികൾ രക്ഷപ്പെട്ടത് ചൂയിങ്ഗം ഉപയോഗിച്ച്. ക്ലാസ് മുറിയിലെ ജനാലകളിൽ ച്യൂയിംഗ് ഗം ഉപയോഗിച്ച് പേപ്പർ ഒട്ടിച്ചുകൊണ്ടാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. പേപ്പറുകളുപയോഗിച്ച് ജനാല മൂടിയതോടെ തനിക്കും സഹപാഠികൾക്കും അക്രമികളിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞെന്ന് വിദ്യാർഥികളിലൊരാളായ ജെഫ്രി ലാഫ്രേ ഓർത്തെടുക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുഎസിനെ ഞെട്ടിച്ചുകൊണ്ട് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ് നടന്നത്. സമീപത്ത് വെടിയൊച്ചകൾ മുഴങ്ങുമ്പോൾ എങ്ങനെ രക്ഷപ്പെടണമെന്ന ചിന്തയിലായിരുന്നു വിദ്യാർഥി ജെഫ്രി ലാഫ്രേയും സഹപാഠികളും. അക്രമിക്ക് ക്ലാസ്‌മുറിക്കുള്ളിലേക്ക് കാണാൻ കഴിയാത്ത വിധം ജനാലകൾ മൂടാൻ അധ്യാപകൻ ആവശ്യപ്പെട്ടു. പേപ്പറുകളുണ്ടായിരുന്നെങ്കിലും ജനാല മൂടാൻ ആവശ്യമായ ടേപ് ക്ലാസ് മുറിയിലുണ്ടായിരുന്നില്ല.

മറ്റു വഴികളില്ലാതായതോടെ, വിദ്യാർഥികൾ ച്യൂയിങ് ഗം ചവയ്ക്കാൻ തുടങ്ങി. അത് വെച്ച് പേപ്പറുകളൊട്ടിക്കാമെന്നായിരുന്നു വിദ്യാർഥികളുടെ ലക്ഷ്യം. "പേപ്പർ ഒട്ടിക്കാൻ ടേപ്പ് ഉണ്ടോ എന്ന് ടീച്ചർ ഞങ്ങളോട് ചോദിക്കുകയായിരുന്നു. ആരുടെയും കൈവശം ടേപ്പ് ഉണ്ടായിരുന്നില്ല, അങ്ങനെ ഞങ്ങളിൽ ചിലർ കയ്യിലുണ്ടായിരുന്ന ചൂയിങ് ഗം പുറത്തെടുത്ത് ജനാലകളിൽ പേപ്പർ ഒട്ടിക്കാൻ വേണ്ടി ചവയ്ക്കാൻ തുടങ്ങി,"- ജെഫ്രി ലാഫ്രേ അമേരിക്കൻ ടെലിവിഷൻ പ്രോഗ്രാമായ ഗുഡ് മോണിങ് അമേരിക്കയിൽ പറഞ്ഞു. തുടർന്ന് ഈ ച്യൂയിങ് ഗം ഉപയോഗിച്ച് ജനൽ മൂടി രക്ഷപ്പെടുകയായിരുന്നു വിദ്യാർഥികൾ. 


ഫ്ലോറിഡ സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടുപേര്‍ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ച് ഇരുപതുകാരൻ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com