
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യൻ പാലക്കാട് സ്വദേശി അഭിഷേകിന് തലയോട്ടിക്ക് പൊട്ടലുണ്ടായി. അഭിഷേക് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈ സംഭവം ഉണ്ടാകുന്നത്. അഭിഷേകിന് പരിക്കേറ്റതിനെ തുടർന്ന് കാഷ്വാലിറ്റിയിൽ എത്തിച്ച് ചികിത്സ നൽകി അദ്ദേഹം തിരികെ താമസസ്ഥലത്തേക്ക് പോയി. രാത്രിയോടുകൂടി ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ വിദഗ്ധ ചികിത്സയിലാണ് തലയോട്ടിക്ക് ഗുരുതരമായ പൊട്ടൽ കണ്ടെത്തിയത്.
സർക്കാർ ആശുപത്രികളിൽ ഇത്തരത്തിൽ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്നതിൽ ആശങ്ക തുടരുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എടി ആശുപത്രിയിലും സമാനസംഭവമുണ്ടായിരുന്നു.