
ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും തർക്കം. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം പാർട്ടിയിൽ നിന്നും രാജിവെക്കുകയാണെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാജേഷ് ജൂൺ. സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപിയിലും വലിയ സംഘർഷങ്ങൾ ഉടലെടുത്തിരിന്നു.
ഗർഹി സാംപ്ല-കിലോയിയിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ജുലാനയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോഡലിൽ നിന്ന് സംസ്ഥാന ഘടകം മേധാവി ഉദയ് ഭാൻ എന്നിവരുൾപ്പെടെ 32 പേരെ ഉൾപ്പെടുത്തികൊണ്ടായിരുന്നു കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. സിറ്റിംഗ് എംഎൽഎ രജീന്ദർ സിംഗ് ജൂണിനെ ബഹദൂർഗഡിൽ നിന്ന് പുനർനാമകരണം ചെയ്തിരുന്നെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാവ് രാജേഷ് ജൂണിൻ്റെ പേര് പട്ടികയിൽ ഉണ്ടായിരുന്നില്ല. പിന്നാലെ രാജേഷ് ജൂൺ തൻ്റെ അനുയായികളെ കണ്ട് കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു.
"കോൺഗ്രസ് നേതൃത്വം എന്നെ ചതിച്ചു, എനിക്ക് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തു, പക്ഷേ പാലിച്ചില്ല. കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിക്കുന്നതിൻ്റെ ഇരട്ടി വോട്ടുകൾ നേടി ഞാൻ എംഎൽഎയാകും," രജേഷ് ജൂൺ പറഞ്ഞു. 2019-ലും രജീന്ദർ സിംഗ് ജൂണിന് സ്ഥാനാർഥിത്വം നൽകിയതിന് ശേഷം രാജേഷ് ജൂണും മറ്റൊരു കോൺഗ്രസ് നേതാവും പാർട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. ബഹാദുർഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിനെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഇവർ ഭൂപീന്ദർ സിംഗ് ഹൂഡ ഇടപെട്ടതിനെ തുടർന്ന് പിൻമാറുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ 10 സീറ്റുകളിൽ 5 എണ്ണവും വിജയിച്ചതോടെ ബിജെപിക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നു. 2014 മുതൽ ഹിന്ദി ഹൃദയഭൂമി ഭരിക്കുന്ന ബിജെപിയെ പുറത്താക്കാമെന്നും കോൺഗ്രസ് ലക്ഷ്യമിട്ടു. എന്നാൽ പാർട്ടിക്കുള്ളിൽ തുടരുന്ന അതൃപ്തി തെരഞ്ഞടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വോട്ട് വിഭജനം ഒഴിവാക്കാൻ രാഹുൽ ഗാന്ധി ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതും കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
ALSO READ: ഹരിയാന തെരഞ്ഞെടുപ്പ്: അനിശ്ചിതത്വത്തിനൊടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ഹരിയാന ബിജെപിയിൽ കലഹം മൂർച്ഛിക്കുകയാണ്. 67 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായത്. ജെജെപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന മൂന്ന് മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നേടിയപ്പോൾ ബിജെപിയുടെ ഒമ്പത് സിറ്റിങ് എംഎൽഎമാർ പട്ടികയിൽ നിന്ന് പുറത്തായി. ഇതിൽ അതൃപ്തിയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.
സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാലയും എംഎൽഎ ലക്ഷ്‌മൺദാസ് നാപ്പയും ഒബിസി മോർച്ച അധ്യക്ഷൻ കരൺദേവ് കംബോജും പാർട്ടി വിട്ടു. സംസ്ഥാന ഉപാധ്യക്ഷൻ ജി എൽ ശർമ, മുൻ മന്ത്രി ബച്ചൻസിംഗ് ആര്യ, കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ട രാജി നൽകി. മുൻ മന്ത്രിമാരായ കവിതാ ജയിനും സാവിത്രി ജിൻഡാലും സഹമന്ത്രി ബിഷംബർ സിംഗും പരസ്യവിമർശനം നടത്തിക്കഴിഞ്ഞു. വിമത സ്ഥാനാർത്ഥിയാകാനാണ് പലരുടേയും നീക്കം.