അയിത്തം പുലർത്തുന്ന ക്ഷേത്രങ്ങൾ ബഹിഷ്കരിക്കണം; കൂടൽമാണിക്യ ക്ഷേത്രവിവാദത്തിന് പിന്നാലെ ശിവഗിരി മഠാധിപതി

"അയിത്തമില്ലാത്ത ക്ഷേത്രങ്ങൾ സംസ്ഥാനത്ത് ഒരുപാടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അയിത്തമില്ല"
അയിത്തം പുലർത്തുന്ന ക്ഷേത്രങ്ങൾ ബഹിഷ്കരിക്കണം; കൂടൽമാണിക്യ ക്ഷേത്രവിവാദത്തിന് പിന്നാലെ ശിവഗിരി മഠാധിപതി
Published on

അയിത്തം പുലർത്തുന്ന ക്ഷേത്രങ്ങൾ ബഹിഷ്കരിക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി.ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സ്വാമി ശിവാനന്ദയുടെ പ്രതികരണം.

അധസ്ഥിത പിന്നോക്ക വിഭാഗക്കാർ ഇത്തരം ക്ഷേത്രങ്ങൾ ബഹിഷ്കരിക്കണം. അയിത്തമില്ലാത്ത ക്ഷേത്രങ്ങൾ സംസ്ഥാനത്ത് ഒരുപാടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അയിത്തമില്ല. അത്തരം ക്ഷേത്രങ്ങൾ ദർശിച്ച് അനുഗ്രഹം നേടണമെന്നും ശിവഗിരി മഠാധിപതി പ്രതികരിച്ചു. ശാന്തിക്കാരൻ ആയിട്ടല്ല, മാല കെട്ടാനാണ് പിന്നോക്കക്കാരനെ നിയമിച്ചത്. അതുപോലും അനുവദിക്കില്ല എന്ന മുഷ്‌ക് അവസാനിപ്പിക്കണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ക്ഷേത്രത്തിൽ കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി.ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയത്. തന്ത്രിമാരുടെ നിലപാടിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച യുവാവിനെ ജോലിയിൽ നിന്നും മാറ്റിയത്. പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞാൽ വി.ഐ. ബാലുവിനെ കഴകക്കാരനായി നിയമിക്കും. നിയമ പോരാട്ടത്തിൽ ബാലുവിനൊപ്പം നിൽക്കുമെന്നും ദേവസ്വം ബോർഡ് അംഗം അജയകുമാർ പറഞ്ഞു.

അതേസമയം, കഴകം നിയമനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തന്ത്രിമാർ നൽകിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. തന്ത്രിമാരുടെ അഭിപ്രായം തേടാതെ നിയമനം നടത്തരുത്. പാരമ്പര്യമായി ചെയ്തു വരുന്ന ജോലിയാണെന്നും കത്തിൽ പരാമർശമുണ്ട്.

ഫെബ്രുവരി 24നാണ് വിവാദ നിയമനം നടന്നത്. ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുകയാണ്. ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി അറിയിച്ചു. താൽക്കാലിക പ്രശ്നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന് ബാലു ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com