മരംമുറി വിവാദം: പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചന

മുഖ്യമന്ത്രിയെ കണ്ട ശേഷം എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു
മരംമുറി വിവാദം: പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചന
Published on

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദങ്ങൾക്കിടെ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു. പൊലീസ് മേധാവിയും, എം.ആര്‍ അജിത് കുമാറും, എ.ഡി.ജി.പി എസ് ശ്രീജിത് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

പത്തനംതിട്ട എസ്.പി.ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. മരങ്ങൾ മുറിച്ചു കടത്തിയത് അന്വേഷിക്കാത്തതിനെ തുട‍ർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എംഎൽഎയെ എസ്‌പി സുജിത് ദാസ് ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമം നടത്തിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയെ എസ്‌പി ഫോണിൽ ബന്ധപ്പെട്ടത്.


കഴിഞ്ഞ ദിവസം, മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പി.വി. അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യൽ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 2023 ജൂൺ 7ന് ഇതേ മരങ്ങൾ 20,500 രൂപക്ക് വിറ്റു.


മുൻ എസ്‌പി സുജിത് ദാസായിരുന്നു കുറഞ്ഞ വിലയ്ക്ക് മരങ്ങൾ ലേലം ചെയ്തതായി രേഖയിൽ ഒപ്പുവെച്ചത്. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നൽകിയപ്പോഴാണ് മരം വിൽപ്പന നടത്താനായതെന്നും പി.വി. അൻവർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com