
ക്രിസ്മസ് ദിനത്തിൽ സാന്റാ ക്ലോസിൻ്റെ വേഷം ധരിച്ചെത്തിയ ഫുഡ് ഡെലിവറി ഏജൻ്റിനെ അപമാനിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഫുഡ് ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ഡെലിവറി ഏജൻ്റിനോട് ഹിന്ദു ജാഗരൺ മഞ്ച് എന്ന ഗ്രൂപ്പിന്റെ ജില്ലാ കൺവീനറാണ് സാന്റാക്ലോസിന്റെ വേഷം അഴിക്കാൻ ആവശ്യപ്പെട്ടത്.
"നിങ്ങൾ എപ്പോഴെങ്കിലും രാമൻ്റെ വേഷം ധരിച്ച് ഫുഡ് ഡെലിവറി ചെയ്യാൻ പോയിട്ടുണ്ടോ" എന്ന് ചോദിച്ചാണ് ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ കൺവീനർ സുമിത് ഹാർദിയ വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമനങ്ങളിൽ വൈറലാണ്. സാന്റാക്ലോസിൻ്റെ വേഷം ധരിച്ച് ബൈക്കിൽ ഇരിക്കുന്ന ഏജൻ്റിനോട് വസ്ത്രധാരണത്തെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
"ഇൻഡോറും ഇന്ത്യയും ഹിന്ദു ഭൂരിപക്ഷമാണ്, പിന്നെ എന്തുകൊണ്ടാണ് ഡെലിവറി ഏജൻ്റുമാർക്ക് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ഫുഡ് ഡെലിവറിക്കെത്തുന്നത്. ഹനുമാൻ ജയന്തി, രാമനവമി, ദീപാവലി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളിൽ അവർ എപ്പോഴെങ്കിലും കാവി വസ്ത്രം ധരിച്ചിട്ടുണ്ടോ" എന്നും സുമിത് ഹാർദിയ ചോദിച്ചു. ഇത്തരം പ്രലോഭനങ്ങൾ പലപ്പോഴും മതപരിവർത്തനത്തിന് ഉപയോഗിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഡെലിവറി ഏജൻ്റുമാർ സാന്റാക്ലോസ് വസ്ത്രം ധരിക്കേണ്ടതിൻ്റെ ആവശ്യകത എന്താണ്. അത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്ന ഫുഡ് ഡെലിവറി കമ്പനി ഉടമകളുടെ ഉദ്ദേശ്യമെന്താണെന്നും സുമിത് ഹാർദിയ ചോദിച്ചു.