
ചൈനീസ് ഡെലിവറി കമ്പനി കീറ്റ നാളെ മുതൽ സൗദിയിൽ പ്രവർത്തനമാരംഭിക്കും. സൗദിയിലെ റിയാദിലാണ് കീറ്റ ഡെലിവറി സർവ്വീസ് ആരംഭിക്കുന്നത്. അറബ് രാജ്യത്തിന് പുറത്ത് നിന്നും സൗദിയിലേക്കെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനിയാണ് കീറ്റ. രാജ്യത്തുടനീളം ഫുഡ് ഡെലിവറി തുടങ്ങുന്നതിൻ്റെ ആദ്യ പടിയാണ് റിയാദിലെ സർവീസ്.
ചൈനയിലെ ഡെലിവറി പ്ലാറ്റുഫോമിലെ ഭീമനായ മെയ്തുവാൻ കമ്പനിയുടെ ഭാഗമാണ് കീറ്റ. മെയ്തുവാൻ കമ്പനി പ്രതിദിനം 60 മില്ല്യൺ ഡെലിവറികൾ കൈകാര്യം ചെയ്യുകയും, 680 മില്ല്യൺ ഉപയോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നുണ്ട്. സൗദി അറേബ്യൻ വിഷൻ 2030ന് പിന്തുണ പ്രഖ്യാപിച്ച് ഏകദേശം 2200 കോടിയിലേറെ (100 കോടി റിയാൽ) രൂപ നിക്ഷേപിച്ചാണ് കീറ്റയുടെ വരവ്. ഈ നിക്ഷേപം, കീറ്റയുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും സുഗമമാക്കുകയും, പ്രാദേശിക തൊഴിൽ വിപണിയിലും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയിൽ സാഹായിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അൺലിമിറ്റഡ് സൗജന്യ ഡെലിവറി ഓഫറുകളും കീറ്റയുടെ വരവിന് പിന്നാലെയെത്തും. ഓൺ ടൈം ഡെലിവറി, വൈവിധ്യമാർന്ന റെസ്റ്റോറൻ്റ് ഓപ്ഷനുകൾ, ന്യായമായ വില എന്നിവയാണ് കീറ്റയുടെ വാഗ്ദാനങ്ങൾ. 2029-ഓടെ ഉപയോക്താക്കളുടെ 19.2 മില്ല്യൺ ആളുകളിലേക്ക് സേവനം എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.