'പട്ടിണിക്കിട്ടും യുദ്ധം'; ഒക്ടോബർ ഒന്ന് മുതല്‍ വടക്കന്‍ ഗാസയില്‍ ഭക്ഷണം എത്തുന്നില്ല, തടസമായി ഇസ്രയേല്‍ ആക്രമണം

ഗാസയിലെ ജബലിയ ടൗണിലും അഭയാർഥി ക്യാമ്പിലുമായി നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു
'പട്ടിണിക്കിട്ടും യുദ്ധം'; ഒക്ടോബർ ഒന്ന് മുതല്‍ വടക്കന്‍ ഗാസയില്‍ ഭക്ഷണം എത്തുന്നില്ല, തടസമായി ഇസ്രയേല്‍ ആക്രമണം
Published on

ഒക്ടോബർ ഒന്നിനു ശേഷം ഉത്തര ഗാസയില്‍ ഭക്ഷണം എത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജന്‍സി. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഉത്തര ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ (ഡബ്ല്യുഎഫ്‌പി) ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് റിപ്പോർട്ട് ചെയ്തത്.

യുദ്ധത്തിൽ തകർന്ന വടക്കന്‍ പ്രദേശത്തേക്കുള്ള പ്രധാന അതിർത്തി രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണെന്ന് ഡബ്ല്യുഎഫ്‌പി അറിയിച്ചു.  നിലവില്‍‌ ഇസ്രയേല്‍ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷനുകള്‍, പ്രദേശത്തെ ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷയെ വിനാശകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പും നല്‍കി.

'വടക്കൻ ഗാസയിൽ വർധിച്ചുവരുന്ന ആക്രമണങ്ങള്‍ അവിടുത്തെ ഭക്ഷ്യസുരക്ഷയെ വിനാശകരമായി ബാധിക്കുന്നു. ഒക്‌ടോബർ ഒന്നിന് ശേഷം ഉത്തര മേഖലയില്‍ ഭക്ഷ്യസഹായം എത്തിയിട്ടില്ല. വടക്കന്‍ ഗാസയിലെ ഷെൽട്ടറുകളിലേക്കും ആശുപത്രികളിലേക്കും ഇതിനകം വിതരണം ചെയ്‌ത ഡബ്ല്യുഎഫ്‌പിയുടെ ഭക്ഷ്യ സാധനങ്ങൾ എത്രകാലം നിലനിൽക്കുമെന്ന് വ്യക്തമല്ല', ഡബ്ല്യുഎഫ്‌പി എക്സില്‍ കുറിച്ചു.

Also Read: ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കി റഷ്യയും യുക്രെയ്നും: റഷ്യൻ ഇന്ധന സംഭരണ ശാലയ്ക്ക് തീവെച്ചതായി യുക്രെയ്ൻ

അതേസമയം, ഗാസയിലെ ജബലിയ ടൗണിലും അഭയാർഥി ക്യാമ്പിലുമായി നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. മേഖലയില്‍ ഹമാസിന്‍റെ ഒത്തുകൂടൽ നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഏജന്‍സിയുടെ വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു.

ഒക്ടോബർ ഏഴിനു ശേഷം ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 42,175 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 98,336 പേർക്ക് പരുക്കേറ്റതായും ഗാസ അരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍ എന്നിവയ്ക്കു നേരെയും ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com