
തൃശൂർ പുതുക്കാട് വിവാഹത്തിന് മുന്നോടിയായി നടന്ന വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. മൂന്ന് വയസുള്ള കുട്ടിയുൾപ്പടെ ഭക്ഷ്യ വിഷബാധയേറ്റ 12 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ചെങ്ങാലൂർ സ്വദേശിയുടെ വീട്ടിൽ നടന്ന പരിപാടിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ. ഞായറാഴ്ച നടന്ന ചടങ്ങിൽ വധു വരന്മാരുടെ അടുത്ത ബന്ധുക്കളടക്കം ആകെ 15 പേരാണ് പങ്കെടുത്തത്. പുതുക്കാട് ശാന്തി കേറ്ററിംഗ് കമ്പനിയിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഈ ഭക്ഷണം കഴിച്ച 12 പേർക്കും തിങ്കളാഴ്ച മുതൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു.
ALSO READ: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിയ സംഭവം; പ്രതി സൈമണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
ഷൊർണൂരും പുതുക്കാടുമുള്ള ആശുപത്രികളിലാണ് ദേഹാസ്വസ്ഥം ഉണ്ടായവർ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ ഭക്ഷ്യ വിഷബാധയാണെന്ന സംശയം പ്രകടിപ്പിച്ചതോടെ കേറ്ററിംഗ് കമ്പനിയെ കാര്യങ്ങൾ അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ കേറ്ററിംഗ് കമ്പനിയുടെ ഭാഗത്ത് നിന്നും ഭീഷണിയും വെല്ലുവിളിയുമാണ് ഉണ്ടായതെന്നാണ് ഗിരിജൻ പറയുന്നത്. സംഭവം ചൂണ്ടിക്കാട്ടി പുതുക്കാട് പൊലീസിലും ആരോഗ്യ വകുപ്പിലും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയവരുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നത്.