ഇത് വേറെ ലെവൽ കോമ്പിനേഷൻ; മലയാളികൾക്ക് സവാള വട-മട്ടൺ ചാപ്സ് കോമ്പോ അവതരിപ്പിച്ച ഫോർട്ട്കൊച്ചിയുടെ അച്ചുക്ക

നടന്മാരായ ജഗദീഷ്, സുരേഷ്ഗോപി തുടങ്ങിയവരും പുതുതലമുറയിലെ നിരവധി നടന്മാരും സ്റ്റാർ കോംബോയുടെ രുചിയറിയാൻ ഇവിടെ എത്തിയിട്ടുണ്ട്.
അഷറഫ് ഫോർട്ട്കൊച്ചിയിലെ കടയിൽ
അഷറഫ് ഫോർട്ട്കൊച്ചിയിലെ കടയിൽ
Published on

ബീഫും പഴംപൊരിയുമൊക്കെ ഹിറ്റാകും മുൻപ് സവാള വട-മട്ടൺ ചാപ്സ് കോമ്പോയുടെ രുചി മലയാളിയുടെ നാവിലെത്തിച്ച ഒരു തട്ടുകടയുണ്ട് എറണാകുളം ഫോർട്ടുകൊച്ചിയിൽ. 50 വർഷമായി ഈ രുചി തേടി ആളുകൾ എത്തിത്തുടങ്ങിയിട്ട്. സുരേഷ് ഗോപിയടക്കമുള്ള ചലച്ചിത്ര താരങ്ങൾ സ്റ്റാർ കോംബോയുടെ രുചിയറിഞ്ഞവരാണ്.

ഫോർട്ടുകൊച്ചിക്കാരുടെ സ്വന്തം അച്ചുക്ക എന്ന അഷറഫ് ആണ് ആളുകൾ തേടിയെത്തുന്ന സവാള വടയും മട്ടൺ ചാപ്സും വിളമ്പുന്നത്. അഷറഫിന് പ്രായം 60 ആയി. അഷറഫ് വിളമ്പുന്ന സ്റ്റാർ കോംബോയ്ക്ക് 50ഉം. സഹോദരൻ്റെ കൂടെ ചെറുപ്പത്തിൽ ഉന്തു വണ്ടിയിൽ ചായക്കച്ചവടത്തിലൂടെയായിരുന്നു അഷറഫിൻ്റെ തുടക്കം. ഒരു ദിവസം സവാളവടയുടെ കൂടെ മട്ടൺ ചാപ്സ് കഴിച്ച അഷറഫിന് ആ രുചി ഏറെ ഇഷ്ടപ്പെട്ടു. അത് ചായക്കടയിലെത്തിയവർക്ക് വിളമ്പിയതോടെ സംഗതി ഹിറ്റായി. ഇന്ന് നൂറു രൂപയ്ക്കാണ് മൂന്ന് സവാളവടയും മട്ടൺ ചാപ്സും വിൽക്കുന്നത്.

നടന്മാരായ ജഗദീഷ്, സുരേഷ്ഗോപി തുടങ്ങിയവരും പുതുതലമുറയിലെ നിരവധി നടന്മാരും സ്റ്റാർ കോംബോയുടെ രുചിയറിയാൻ ഇവിടെ എത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലാണ് ഈ വിഭവം തേടി നിരവധിപ്പേർ ഫോർട്ട്കൊച്ചിയിലെത്തുക. ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സ്റ്റേഷന് നേരെ എതിർവശത്തായാണ് അച്ചുക്കയുടെ ചെറിയ ചായക്കട. മുൻപ് രാവിലെ അഞ്ചര മുതൽ രാത്രി 10 വരെ കടതുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആറരമുതൽ 3 വരെയേ തുറക്കാറുള്ളു. ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബമാണ് അച്ചുക്കയുടെ ലോകം. മക്കളെ പഠിപ്പിച്ചതിൽ ഈ സ്പെഷ്യൽ കോംബോയ്കും വലിയ പങ്കുണ്ട്. അച്ചുക്കയുടെ  സ്റ്റാർ കോംബോയ്ക്ക് പുറമെ പൊറോട്ട, വിവിധ തരം പുട്ടുകൾ, അപ്പം, കടല, മുട്ട, ചിക്കൻ, മീൻ തുടങ്ങിയ കറികളും ചെറുകടികളും ഉൾപ്പെടെ നിരവധി വിഭവങ്ങൾ വേറെയുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com